ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പോലും സ്‍ത്രീകള്‍ക്ക് സാധിക്കാത്ത രീതിയിലേക്ക് സാമ്പത്തിക പ്രതിസന്ധി വളര്‍ന്നു; ലെബനാനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നതിനൊപ്പം രാജ്യം കടുത്ത സാമൂഹിക പ്രശ്നങ്ങള്‍ കൂടി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍

0

ബെയ്റൂത്ത്: ലെബനാനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നതിനൊപ്പം രാജ്യം കടുത്ത സാമൂഹിക പ്രശ്നങ്ങള്‍ കൂടി നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കറന്‍സിയുടെ മൂല്യത്തിലുണ്ടായ വന്‍ ഇടിവ് രാജ്യത്തെ 82 ശതമാനം ജനങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിടുകയാണ്. ആരോഗ്യപരവും സാമൂഹികവുമായി നേരിടേണ്ടി വരുന്ന  പ്രതിസന്ധികള്‍ ഇതിന് പുറമെയും.

ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പോലും സ്‍ത്രീകള്‍ക്ക് സാധിക്കാത്ത രീതിയിലേക്ക് സാമ്പത്തിക പ്രതിസന്ധി വളര്‍ന്നുവെന്നാണ് അന്താരാഷ്‍ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാധാരണക്കാര്‍ക്ക് പ്രാപ്യമായ വിലയില്‍ ഗര്‍ഭനിരോധന ഗുളികകളോ മറ്റ് സംവിധാനങ്ങളോ രാജ്യത്ത് ഇപ്പോള്‍ ലഭ്യമല്ല.

ബലാത്സംഗമോ കുടുംബാംഗങ്ങളാല്‍ പീഡിപ്പിക്കപ്പെടുകയോ  പോലുള്ള സാഹചര്യങ്ങളില്‍ പോലും ലെബനാനില്‍ ഗര്‍ഭഛിദ്രം  നിയമവിരുദ്ധമാണ്. ഗര്‍ഭഛിദ്രം നടത്തുകയോ അതിന് സഹായം ചെയ്യുകയോ പ്രചാരണം നടത്തുകയോ ചെയ്‍താല്‍ പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. ഇത് പലപ്പോഴും സ്‍ത്രീയുടെ ജീവന്‍ അപകടത്തിലാക്കുള്ള സാഹചര്യങ്ങളിലേക്ക് വരെ എത്തിച്ചേരാറുണ്ടെന്ന് ബെയ്റൂത്തിലെ അമേരിക്കന്‍ യൂണിവേഴ്‍സിറ്റിയില്‍ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോ. ഫൈസല്‍ എല്‍ കാക് പറയുന്നു.

ഔദ്യോഗിക കറന്‍സിയുടെ മൂല്യം ഇടിയുന്നതിന് മുമ്പ് 2019ല്‍ ഒരു സ്‍ത്രീക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായിരുന്ന ഗര്‍ഭ നിരോധന ഗുളികകളുടെ വില 21,000 ലെബനീസ് പൗണ്ട്‌ ആയിരുന്നു. ഇന്ന് വില അതിന്റെ പത്തിരട്ടിയില്‍ അധികമാണ്. അപ്രതീക്ഷിത ഗര്‍ഭധാരണങ്ങള്‍ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വലിയ സാമൂഹിക പ്രതിസന്ധിയിലേക്ക് കൂടി രാജ്യത്തെ തള്ളിവിടുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here