എലിവിഷം കലർന്ന പേസ്റ്റ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കിയ 17 കാരിക്ക് ദാരുണാന്ത്യം

0

മംഗളൂരു: എലിവിഷം കലർന്ന പേസ്റ്റ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കിയ 17 കാരിക്ക് ദാരുണാന്ത്യം. മംഗലാപുരത്തിന് അടുത്ത്  സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യ ഫെബ്രുവരി 14 നാണ് ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി പല്ലുതേച്ചത്. എന്നാല്‍ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകി. പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറി ഇരുട്ടായതിനാൽ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്തത്. ഹിജാബ് വിവാദത്തെ തുടര്‍ന്ന് കോളേജ് അവധിയായതിനാല്‍ പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നു ശ്രവ്യ സ്വന്തം വീട്ടിലായിരുന്നു. 

2020 ജൂണിൽ, ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ഡെൻഡുലൂർ സോണിലെ ഗലയഗുഡെമിൽ മൗനിക എന്ന ഗർഭിണി സമാനമായ രീതിയില്‍ എലിവിഷം ഉപയോഗിച്ച് മരിച്ചിരുന്നു. കർണാടകയിലും മഹാരാഷ്ട്രയിലും സമാനമായ മറ്റ് മൂന്ന് സംഭവങ്ങൾ ഉണ്ടായി. പശ്ചിമ ബംഗാളിലും തെലങ്കാനയിലും സമാനമായ സംഭവങ്ങൾ അപൂർവമായി ഉണ്ടായിട്ടുണ്ട്. പേസ്റ്റിന് പകരം എലി വിഷം മൂലം ജീവൻ നഷ്‌ടമായവരിൽ ഏറെക്കുറെയും സ്ത്രീകളാണ്.

തൃക്കാക്കരയിലെ കുട്ടിക്ക് സംഭവിച്ചത് ‘ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം’ എന്ന് ഡോക്ടർമാർ, എന്താണത്?

കൊച്ചി: എറണാകുളം  തൃക്കാക്കരയിൽ ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ  ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. എന്നാൽ തലച്ചോറിനേറ്റ ക്ഷതം കാരണം സംസാരശേഷി ഇനിയും തിരിച്ച് കിട്ടിയില്ല. ഇതെങ്ങനെ സംഭവിച്ചു ആരാണ് ഉത്തരവാദിയെന്ന് കൃത്യമായൊരു മറുപടി ഇത് വരെയും പൊലീസിനില്ല . ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ പറഞ്ഞ കാരണം പ്രസക്തമാകുന്നത്.

എറണാകുളം തൃക്കാക്കരയിലെ രണ്ടരവയസ്സുകാരിയുടെ ഗുരുതര പരിക്കിന് മെഡിക്കൽ സംഘം പറഞ്ഞ കാരണമാണ് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം. കുഞ്ഞ് സ്വയം വരുത്തിയ പരിക്കെന്ന വാദം പൂർണ്ണമായും തള്ളിയാണ് ഡോക്ടർമാർ ഇങ്ങനെ ഒരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.കേസിൽ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെ നമ്മുടെ നാട്ടിൽ അധികമൊന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ ഈ ശാരീരികാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

പല വിധ സമ്മർദ്ദത്തിന് അടിമയാണ് രക്ഷിതാവെങ്കിൽ കുഞ്ഞിന്‍റെ കൊഞ്ചലുകളോ, കുസൃതിയോ, പിടിവാശികളോ വരെ അവരെ പെട്ടെന്ന് ക്ഷുഭിതരാക്കും. അങ്ങനെ കൈവിട്ട അവസ്ഥയിൽ കുട്ടിയെ ബലമായി പിടിച്ച് കുലുക്കിയാൽ പിഞ്ചുശരീരത്തിൽ അതുണ്ടാക്കുന്ന ആഘാതമാണ് . അധികനേരം ഒന്നും വേണ്ട കുറഞ്ഞത് അഞ്ച് സെക്കന്‍റ് സമയം മതി. കുട്ടികളുടെ കഴുത്തിലെ പേശികൾക്ക് വലിയ ബലമില്ല. കുട്ടിയെ കുലുക്കിയാൽ തലയോട്ടിക്കുള്ളിൽ തലച്ചോർ അങ്ങോട്ടുമിങ്ങോട്ടും ഇളകും. തുടർച്ചയായ സമ്മർദ്ദത്തിൽ തലച്ചോറിന് ആവശ്യത്തിന് ഓക്സിജനും കിട്ടില്ല. അങ്ങനെ കുഞ്ഞിന്‍റെ തലച്ചോറിലെ കോശങ്ങൾ നശിക്കും.നട്ടെല്ലിനും രക്തസ്രാവമുണ്ടാകും.

വാരിയെല്ലിന് വരെ ഗുരുതര പരിക്കേൽക്കും. കണ്ണിന്‍റെ ചുറ്റിലും രക്തസ്രാവമുണ്ടാകും. രണ്ട് വയസ്സ് വരെ ഉള്ള കുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായും കണ്ട് വരുന്നത്. എങ്കിലും അഞ്ച് വയസ്സ് വരെ ഇതിനുള്ള സാധ്യത ഉണ്ട്. ഈ പ്രശ്നത്തിലൂടെ കടന്ന് പോകുന്ന കുട്ടികളിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ ഇതൊക്കെയാണ്. അസ്വസ്ഥമായ പെരുമാറ്റം, ചിലരിൽ ഉണർന്നിരിക്കാൻ ബുദ്ധിമുട്ട്, ശ്വാസതടസ്സം, ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, നീല നിറത്തിലായ തൊലി,അപസ്മാര ലക്ഷണങ്ങൾ അങ്ങനെ. മിക്ക കേസുകളിലും പുറത്തേക്ക് പ്രകടമായ പരിക്കുകൾ കുറവായിരിക്കും. മാത്രമല്ല ഒരൊറ്റ ദിവസത്തെ മർദ്ദനമാകില്ല കുട്ടിയെ കടുത്ത രോഗാവസ്ഥയിലേക്ക് തള്ളിവിടുന്നതും. 

ആദ്യം ചെറിയ രീതിയിലുള്ള മർദ്ദനങ്ങൾ, പക്ഷേ അതിന്‍റെ മുറിവ് ഉണങ്ങും മുൻപെ അടുത്തത് എത്തും.അങ്ങനെ അങ്ങനെ കുഞ്ഞിന്‍റെ ശരീരമാസകലം ഗുരുതരമായി പരിക്കേൽക്കും. തലച്ചോറിനേറ്റ പരിക്കിന്‍റെ ആഘാതം അനുസരിച്ച് പഠന വൈകല്യങ്ങൾ സ്വഭാവ വൈകല്യങ്ങൾ കേൾവിയിലും സംസാരത്തിലുമുള്ള പ്രശ്നങ്ങൾ തുടങ്ങി തിരിച്ച് വരവിന് സാധ്യമല്ലാത്ത രീതിയിൽ പലതരത്തിലുള്ള ശാരീരിക മാനസിക വൈകല്യങ്ങൾ സംഭവിക്കാം. മരണത്തിന് വരെ കാരണമാകാം. വിദേശരാജ്യങ്ങളിൽ നിരവധി കേസുകളാണ് ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നതും.കുട്ടിയുടെ സംരക്ഷണ അവകാശമുള്ളവർ തന്നെയാണ് പ്രതികളാകുന്നത്. 

Leave a Reply