യുക്രൈൻ – റഷ്യ യുദ്ധത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാത്തതിൽ സിപിഎം കേന്ദ്രകമ്മിറ്റിക്ക് എതിരെ എറണാകുളം ജില്ലാ കമ്മിറ്റിയിൽ വിമർശനം

0

കൊച്ചി: യുക്രൈൻ – റഷ്യ യുദ്ധത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാത്തതിൽ സിപിഎം കേന്ദ്രകമ്മിറ്റിക്ക് എതിരെ എറണാകുളം ജില്ലാ കമ്മിറ്റിയിൽ വിമർശനം. യുക്രൈനെതിരായ റഷ്യയുടെ ‘സൈനികനടപടി’ തെറ്റാണെന്നും, എന്നാൽ നാറ്റോ വിപുലീകരണം റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവന. യുക്രൈന് മേലുള്ള റഷ്യയുടെ അധിനിവേശം എന്ന് പറയാൻ സിപിഎം മടിക്കുന്നതെന്തിന് എന്ന വിമർശനങ്ങൾ ഇതേത്തുടർന്ന് വ്യാപകമായി ഉയർന്നു.  

ഈ പ്രസ്താവന പാർട്ടിയ്ക്ക് അകത്തും പുറത്ത് പൊതുസമൂഹത്തിലും ഉണ്ടാക്കിയത് വലിയ ആശയക്കുഴപ്പമാണെന്ന് പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി പറയുന്നു. കൃത്യമായ നിലപാട് പാർട്ടി പറഞ്ഞില്ല. വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിൽ നിലപാട് കൃത്യമായി പറയേണ്ടത് അത്യാവശ്യമാണെന്നും എറണാകുളം ജില്ലാ കമ്മിറ്റി പറയുന്നു. 

അതേസമയം, ഉദ്ഘാടനപ്രസംഗങ്ങളിലെ പരാമർശങ്ങളിലും യുക്രൈൻ വിഷയത്തിലെ നിലപാടുകളിൽ വ്യക്തതയില്ലാത്തതിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും എറണാകുളം ജില്ലാ കമ്മിറ്റി വിമർശിക്കുന്നു. ഗൾഫ് യുദ്ധകാലത്തും മറ്റും ഒഴിപ്പിക്കൽ നടപടി വളരെ സുരക്ഷിതമായി നടത്തിയ ഇന്ത്യ യുക്രൈനിൽ അത്തരം അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. 

അന്നത്തെ സർക്കാർ ലക്ഷക്കണക്കിന് പേരെ ഒഴിപ്പിച്ച് കൊണ്ടുവന്നതാണ്. ഇപ്പോൾ ആളുകൾ വരുമ്പോൾ മോദിക്ക് നന്ദി പറയുന്ന കാർഡുകളും ഫോട്ടോ സെഷനുകളും മാത്രമാണ് നടക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. 

അതേസമയം, യുക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷം ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിയതെങ്ങനെ എന്ന് പരിശോധിക്കണമെന്നും യെച്ചൂരി പറയുന്നു. നാറ്റോയെ കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിക്കില്ലെന്ന് അമേരിക്ക ഗോർബച്ചേവിന്‍റെ കാലത്ത് തൊണ്ണൂറുകളിൽ ഉറപ്പ് നൽകിയിരുന്നതാണ്. ആ ഉറപ്പ് പൂർണമായും ലംഘിച്ചാണ് യുക്രൈനെ നാറ്റോയിൽ ചേർക്കാനുള്ള നീക്കം അമേരിക്ക നടത്തിയത്. യുക്രൈൻ ഒഴികെ മറ്റ് പ്രധാന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെയെല്ലാം നാറ്റോയിൽ ചേർത്ത്, 1,75,000 സൈനികരെ റഷ്യയ്ക്ക് ചുറ്റുമായി വിന്യസിച്ചിരിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

വിഷയത്തിൽ ഒരു വശം ഇങ്ങനെയായിരിക്കേ, മറ്റൊരു വശത്ത് പുടിന്‍റെ നേതൃത്വത്തിൽ സങ്കുചിതമായ ദേശീയവാദം ശക്തിപ്പെട്ടുവെന്നും യെച്ചൂരി ഉദ്ഘാടനപ്രസംഗത്തിൽ നിരീക്ഷിച്ചു. യുക്രൈൻ എല്ലാ കാലത്തും റഷ്യയ്ക്ക് കീഴ്പ്പെട്ട് നിൽക്കണമെന്ന നിലപാടാണ് പുടിൻ പറയുന്നത്. ഇത് അപകടകരമായ പ്രത്യാഘാതമുണ്ടാകും. ഇത് ലോകസമാധാനത്തിന് ഭീഷണിയാണ്. ഒരു രാജ്യം സ്വീകരിക്കുന്ന നടപടികൾ മറ്റൊരു രാജ്യത്തിന്‍റെ സുരക്ഷിതത്വത്തെ ബാധിക്കരുതെന്നത് അന്താരാഷ്ട്ര നിയമമാണ്. ആ അടിസ്ഥാനതത്വം എല്ലാവരും പാലിക്കണമെന്നും യെച്ചൂരി പറഞ്ഞിരുന്നു. 

സിപിഎം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു:

ഉക്രയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമാണ്. യുദ്ധം ഉടന്‍ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. ഉക്രയ്‌നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം  ഉക്രയ്‌നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം  യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കന്‍ ഉക്രയ്‌നിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. ഉക്രയ്‌നിലെ വിദ്യാര്‍ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയില്‍ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here