തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടല്‍ മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് ഇന്നും തുടരും. ഇന്ന് 3.30 വരെ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളടിക്കാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായിരുന്നു.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. യാതൊരുകാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. മത്സബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും രാത്രി 08 മണിക്ക് ശേഷം മത്സ്യബന്ധനം നടത്താന്‍ പാടുള്ളതല്ല.
കേരള തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ പൊഴികളില്‍ നിന്നും അഴിമുഖങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളില്‍ കടലിലേക്ക് പുറപ്പെടാന്‍ പാടുള്ളതല്ല. കടല്‍ പ്രക്ഷുബ്ധമായിരിക്കും.