‘വേനലവധി തുടങ്ങി, ഒപ്പം വേവലാതികളും’, കുഞ്ഞുമക്കളെ രക്ഷിക്കാം!; മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്

0

കൊച്ചി: എല്ലാവര്‍ഷവും വേനലവധി ആഘോഷിക്കുന്നതിനിടെ ജലാശയങ്ങളില്‍ മനുഷ്യജീവന്‍ പൊലിഞ്ഞ നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാനായി കുളങ്ങളിലും പുഴകളിലും ഇറങ്ങുന്നവരും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാനായി യാതൊരു മുന്‍കരുതല്‍ സംവിധാനങ്ങളോ അവബോധമോ ഇല്ലാതെ എടുത്തുചാടുന്നവരുമാണ് പലപ്പോഴും മുങ്ങിത്താഴുന്നത്. വെള്ളത്തില്‍ ഇറങ്ങുന്ന കുഞ്ഞുമക്കളുടെയും കൂട്ടുകാരുടെയും സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കേരള പൊലീസ്.

‘ജലാശയങ്ങളിലെ അപകടസാധ്യതകളെപ്പറ്റി കുട്ടികളെ പറഞ്ഞുമനസ്സിലാക്കുക. മുതിര്‍ന്നവരുടെ കൂടെയല്ലാതെ ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ ഇറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണം. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിന് പ്രൊഫഷണലുകളായ പരിശീലകര്‍ ഉള്ള കേന്ദ്രങ്ങളില്‍ മാത്രമേ അയയ്ക്കാവൂ. നീന്തല്‍ സ്വയം പഠിക്കാതിരിക്കുക. കൂട്ടുകാര്‍ക്കൊപ്പം മാത്രമായി കുട്ടികള്‍ കളിക്കാനോ കുളിക്കാനോ മീന്‍ പിടിക്കാനോ വെള്ളത്തിലും മറ്റും പോകുന്നില്ലെന്ന് ഉറപ്പാക്കണം. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനായി ഒരിക്കലും മുന്‍കരുതലുകള്‍ ഇല്ലാതെ എടുത്തുചാടരുത്. കയറോ കമ്പോ തുണിയോ അപകടത്തില്‍ പെട്ടയാള്‍ക്ക് എത്തിച്ചുനല്‍കണം. ലൈഫ് ബോയ് ഇല്ലാത്ത സാഹചര്യത്തില്‍ ടയറിന്റെ ട്യൂബില്‍ നീണ്ട കയറുകെട്ടി നല്‍കാവുന്നതാണ്.’- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here