വില്‍പ്പന നടത്തിയ പുരയിടത്തില്‍ അനുവാദമില്ലാതെ മൃതദേഹം സംസ്‌കരിച്ചു, കോടതി ഇടപെടല്‍; ഒന്നര വര്‍ഷത്തിന് ശേഷം പുറത്തെടുത്തു

0

പിറവം: ആമ്പല്ലൂര്‍ പഞ്ചായത്തില്‍ മറ്റൊരു പുരയിടത്തില്‍ അടക്കിയ വയോധികയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും അടക്കം ചെയ്തു.വില്‍പന നടത്തിയ പുരയിടത്തില്‍ അനുവാദമില്ലാതെ സംസ്‌കരിച്ച മൃതദേഹം കോടതി ഇടപെടലിനെ തുടര്‍ന്ന് ആമ്പല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ പുറത്തെടുത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. സ്ഥലം ഉടമയുടെ ഒന്നര വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണു നടപടി.

2022 ഓഗസ്റ്റില്‍ മരിച്ച കുലയറ്റിക്കര കോണത്തു ചാത്തങ്കരിയില്‍ സരോജിനിയുടെ മൃതദേഹമാണു മകന്‍ അനുവാദമില്ലാതെ ഒലിപ്പുറം റോഡിലെ എടയ്ക്കാട്ടുവയല്‍ മൂത്തേടത്ത് ട്രീസ ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു സംസ്‌കരിച്ചത്. മുന്‍പ് സരോജിനിയുടെ കുടുംബ സ്വത്തില്‍ ഉള്‍പ്പെട്ട സ്ഥലമായിരുന്നു ഇത്. രണ്ടു ദിവസത്തിനു ശേഷമാണു സ്ഥലത്തു മൃതദേഹം സംസ്‌കരിച്ച വിവരം ഉടമ അറിയുന്നത്. പഞ്ചായത്തിലും റവന്യു അധികൃതര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നു 2022 ഒക്ടോബര്‍ 7നു മൃതദേഹം മാറ്റി സംസ്‌കരിക്കാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടു.ഇതനുസരിക്കാന്‍ മകന്‍ തയാറാകാത്തതിനാല്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അനാഥ മൃതദേഹങ്ങള്‍ മാത്രമേ ഏറ്റെടുത്തു പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാകൂ എന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്. മുന്‍പു കുടുംബ സ്വത്തില്‍ ഉള്‍പ്പെട്ട സ്ഥലമായിരുന്നതിനാല്‍ അബദ്ധത്തില്‍ സംസ്‌കരിച്ചതാണെന്നായിരുന്നു മകന്റെ വാദം. സബ് കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നു സ്ഥലം അളക്കുകയും അടുത്ത പുരയിടത്തിലാണു സംസ്‌കരിച്ചതെന്നു വ്യക്തമായിട്ടും മൃതദേഹം മാറ്റാന്‍ മകന്‍ തയാറായില്ല.

മകന്റെ പ്രവൃത്തിയിലൂടെ മാതാവിന്റെ മൃതദേഹം ഉപേക്ഷിച്ചതായി കണക്കാക്കാനെ കഴിയൂ എന്നു നിരീക്ഷിച്ചാണു പഞ്ചായത്തിനോടു മൃതദേഹം മാറ്റി സംസ്‌കരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. സബ് കലക്ടറുടെ ഉത്തരവിനെതിരെ മകന്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി.

Leave a Reply