കൊട്ടക്കിനെ മറികടന്നു, ആക്‌സിസ് ബാങ്ക് നാലാമത്തെ വലിയ ബാങ്ക്; വിശദാംശങ്ങള്‍

0

ന്യൂഡല്‍ഹി: ആര്‍ബിഐ നടപടിയെ തുടര്‍ന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കൂപ്പുകുത്തിയതോടെ, ആക്‌സിസ് ബാങ്ക് രാജ്യത്തെ നാലാമത്തെ വലിയ ബാങ്ക്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിനെ മറികടന്നാണ് ആക്‌സിസ് ബാങ്ക് നാലാമതെത്തിയത്.

ഓണ്‍ലൈന്‍ വഴി പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതില്‍ നിന്ന് ആര്‍ബിഐ വിലക്കിയതിനെ തുടര്‍ന്ന് ഇന്ന് ഓഹരി വിപണിയില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് പത്തുശതമാനമാണ് ഇടിഞ്ഞത്. രാവിലെ 11മണിക്ക് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യം 3.29 ലക്ഷം കോടി രൂപയാണ്. ഓഹരി വില 4.82 ശതമാനം കുതിച്ചതോടെ ആക്‌സിസ് ബാങ്കിന്റെ വിപണിമൂല്യം 3.43 ലക്ഷം കോടി രൂപയായി ഉയര്‍ന്നതോടെയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെ മറികടന്ന് നാലാമതെത്തിയത്. നാലാം പാദത്തില്‍ 7,129 കോടി രൂപ ലാഭം നേടിയതാണ് ആക്‌സിസ് ബാങ്കിന്റെ മുന്നേറ്റത്തിന് സഹായകമായത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 5,728 കോടിയായിരുന്ന സ്ഥാനത്താണ് ലാഭത്തില്‍ ഉണ്ടായ വര്‍ധന.എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ഒന്നാം സ്ഥാനത്ത്. 11.5 ലക്ഷം കോടി രൂപയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം. രണ്ടാം സ്ഥാനത്ത് ഐസിഐസിഐ ബാങ്ക് ആണ്. 7.78 ലക്ഷം കോടി രൂപ. എസ്ബിഐ ആണ് മൂന്നാം സ്ഥാനത്ത്. 6.99 ലക്ഷം കോടി രൂപ. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില 1,662 രൂപയായാണ് താഴ്ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here