കൊച്ചി: റോഡില്‍ എപ്പോള്‍ വേണമെങ്കിലും അപകടങ്ങള്‍ പ്രതീക്ഷിക്കാം. ഒരാള്‍ മോട്ടോര്‍ വാഹനനിയമം കൃത്യമായി പാലിച്ച് വാഹനം ഓടിച്ചത് കൊണ്ട് മാത്രം കാര്യമല്ല. മറ്റുള്ളവരും സമാനമായ നിലയില്‍ വാഹനം ഓടിച്ചാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ. റോഡില്‍ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുന്‍കൂട്ടി കണ്ട് വാഹനം ഓടിക്കാന്‍ കഴിയുന്ന വിധം ഡ്രൈവിങ് രീതികളെ നിരന്തരമായി പരിഷ്‌കരിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിക്കുന്നത്.
ഇതിനായി ഡിഫന്‍സീവ് ഡ്രൈവിങ് രീതി അവലംബിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. റോഡ് നിയമങ്ങള്‍ക്കും ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും അപ്പുറം റോഡിലെ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുന്‍കൂട്ടി കണ്ടുകൊണ്ട് , അവയെ കൂടി മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ സ്വന്തം ഡ്രൈവിംഗ് രീതികളെ നിരന്തരമായി പരിഷ്‌കരിക്കുകയും കൂടുതല്‍ അപകടരഹിതമായ രീതികളിലേക്ക് സ്വയം മാറുകയും ചെയ്യുക എന്നതാണ് ഡിഫന്‍സീവ് ഡ്രൈവിംങ്ങിന്റെ അടിസ്ഥാനതത്വം. എന്താണ് ഡിഫന്‍സീവ് ഡ്രൈവിങ് എന്നും എങ്ങനെയാണ് ഇത് നടപ്പാക്കേണ്ടതെന്നും വിശദീകരിച്ച് കൊണ്ടാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്.
‘നമ്മള്‍ ഒരു കൊടും വളവ് മറികടക്കാന്‍ ശ്രമിക്കുകയാണെന്നിരിക്കട്ടെ സ്വാഭാവികമായും ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഉണ്ടാകും എന്നുള്ള പ്രതീക്ഷയില്‍ ഫോണ്‍ മുഴക്കുക എന്നുള്ളതാണ് ആദ്യപടി. എന്നാല്‍ മറുഭാഗത്തുള്ള ഡ്രൈവര്‍ ഹോണ്‍ മുഴക്കിയില്ല എങ്കിലോ ? അവിടെ മറ്റു വാഹനങ്ങളില്ല എന്ന മുന്‍ധാരണയില്‍ നമുക്ക് മുന്നോട്ട് പോകാം, എന്നാല്‍ ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഹോണ്‍ മുഴക്കാതെ വരുന്നുണ്ടെങ്കിലോ? അപ്പുറത്ത് ഒരു വാഹനം ഉണ്ടെന്നും പ്രസ്തുത വാഹനം അയാള്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്താവും എന്ന ധാരണയില്‍ നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ ഇടത് വശത്തുകൂടെ വളവ് മറികടക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് രണ്ടാമത്തേത്. ഇനി അയാള്‍ വളവിനപ്പുറം നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ ഇടതു ഭാഗത്തെ പകുതിയിലാണെങ്കിലോ, അങ്ങനെയാണെങ്കില്‍ പോലും വളവിന്റെ അപ്പുറത്തുള്ള അപകടസാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള സുരക്ഷിതമായ വേഗതയിലേക്ക് മാറുകയും വേണമെങ്കില്‍ വാഹനം നിര്‍ത്താന്‍ കഴിയും എന്നുള്ള ബോധ്യത്തോടെ വാഹനം ഓടിക്കുകയും ചെയ്യുക എന്നുള്ളതാണ് മൂന്നാമത്തെ കാര്യം.’- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.