കൊച്ചി: കളമശേരിയില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫിസിക്കല്‍ ട്രെയിനര്‍മാരായിരുന്ന ഭാര്യയും ഭര്‍ത്താവും 8 വര്‍ഷം മുന്‍പ് പ്രേമിച്ചു വിവാഹം കഴിച്ചവരാണെന്ന് പൊലീസ്. എട്ടു മാസമായി ഇരുവരും പിണങ്ങി അകന്നു കഴിയുകയായിരുന്നു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കഴുത്തിന് ആഴത്തില്‍ മുറിവേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നീനു കൂനംതൈയിലെ ഹാര്‍ഡ്വെയര്‍ കടയില്‍ ജോലിക്കു പോകുന്നുണ്ടായിരുന്നു. ഇന്നലെ വീട്ടില്‍ നിന്നു സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്കു പോയ നീനുവിനെ വഴിയില്‍ കാത്തു നിന്ന ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തി സംസാരിച്ചു. സംസാരിക്കുന്നതിനിടയിലാണ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്തു നീനുവിന്റെ കഴുത്തില്‍ വെട്ടിയതെന്നും പൊലീസ് പറയുന്നു.
കൂനംതൈ ഏകെജി റോഡിനു സമീപം ഇന്നലെ രാവിലെ 9.15നായിരുന്നു സംഭവം. കഴുത്തിനു ആഴത്തില്‍ മുറിവേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇടപ്പള്ളി ടോള്‍ പുലുക്കാവുങ്കല്‍ വീട്ടില്‍ നീനു ടാര്‍സന്‍ (26) അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായി. നീനു അപകടനില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. നീനുവിനെ ആക്രമിച്ച ഭര്‍ത്താവ് എറണാകുളം കോമ്പാറ എടക്കാട്ടുപറമ്പില്‍ ആഷല്‍ (34) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവര്‍ക്ക് 7 വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്.
ആക്രമണത്തിന് ശേഷം ഉടന്‍തന്നെ ആഷല്‍ ബൈക്കില്‍ കയറി ഓടിച്ചുപോവുകയും ചെയ്തു. രക്തം ചീറ്റുന്ന കഴുത്തുമായി നീനു സമീപത്തെ കടയിലേക്ക് ഓടിയെത്തി പൊലീസിനെ വിളിക്കാനും തന്നെ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെടുകയായിരുന്നു.കടയിലുണ്ടായിരുന്നുവരും ഓടിക്കൂടിയ സമീപവാസികളും ചേര്‍ന്നു ഉടന്‍ പത്തടിപ്പാലത്തെ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ നീനുവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
നീനുവിനെ വെട്ടാന്‍ ഉപയോഗിച്ച കത്തി രണ്ടായി ഒടിഞ്ഞ നിലയില്‍ സംഭവസ്ഥലത്തു നിന്നു പൊലീസ് കണ്ടെത്തി. ആഷല്‍ മുന്‍പ് 2 തവണ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.