തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍നാലിനു പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷിച്ചാല്‍ പട്ടികയില്‍ ഇടം നേടാം. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ 4 വരെ പേരു ചേര്‍ക്കാമെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടതിനാല്‍ 25നു മുന്‍പെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം കൗള്‍ പറഞ്ഞു.ഏപ്രില്‍ 4ന് അന്തിമ പട്ടിക തയ്യാറാക്കിയശേഷം നാട്ടിലില്ലാത്തവര്‍, സ്ഥലംമാറിപ്പോയവര്‍, മരിച്ചവര്‍ എന്നിവരുടെ പട്ടിക ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ടു ശേഖരിക്കുമെന്നും സഞ്ജയ് എം കൗള്‍ പറഞ്ഞു. ഈ പട്ടിക വോട്ടെടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു കൈമാറും. ഇതില്‍ ഉള്‍പ്പെട്ട ആരെങ്കിലും വോട്ടു ചെയ്യാനെത്തിയാല്‍ സത്യവാങ്മൂലവും വിരലടയാളവും ശേഖരിച്ച ശേഷമേ അനുവദിക്കൂ. പേര് ഒന്നിലധികം തവണ ചേര്‍ത്തവരെയും മരിച്ചവരെയും മറ്റും കണ്ടെത്തി 30.44 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍നിന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നീക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.