കൊച്ചി: ഭര്‍ത്താവിനെ യാത്രയാക്കിയ ശേഷം അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞുവീണ ഗേറ്റിനടിയില്‍പ്പെട്ടു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏലൂര്‍ ഫെറിക്കു സമീപം തൈപ്പറമ്പില്‍ ബെന്നി വര്‍ഗീസിന്റെ ഭാര്യ ജോസ്‌മേരി (54) ആണ് മരിച്ചത്. ജന്മദിനപ്പിറ്റേന്നായിരുന്നു ജോസ്‌മേരിയുടെ മരണം. ഏലൂര്‍ വില്ലേജ് ഓഫിസിലെ താല്‍ക്കാലിക ജീവനക്കാരിയാണു ജോസ്‌മേരി.
ഇന്നലെ പുലര്‍ച്ചെ 5.45നാണ് അപകടം ഉണ്ടായത്. രക്തപരിശോധനയ്ക്കു ജീപ്പില്‍ പോയ ഭര്‍ത്താവ് ബെന്നിയെ യാത്രയാക്കിയ ശേഷം ഗേറ്റ് അടയ്ക്കുമ്പോഴായിരുന്നു അപകടം. വശങ്ങളിലേക്കു തള്ളിനീക്കുന്ന ഭാരമുള്ള ഇരുമ്പ് ഗേറ്റാണ് മറിഞ്ഞുവീണത്. ഗേറ്റിന്റെ ഭാരം താങ്ങാനാവാതെ തലയടിച്ചുവീണ ജോസ്‌മേരിക്കു മേല്‍ ഗേറ്റ് പതിക്കുകയായിരുന്നു. ജോസ്‌മേരിയുടെ കൈകളില്‍ ടോര്‍ച്ചും ചായക്കപ്പും ഉണ്ടായിരുന്നതിനാല്‍ ഗേറ്റ് പിടിച്ചുനിര്‍ത്താനും കഴിഞ്ഞില്ല.വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന മക്കളും അപകടം അറിഞ്ഞില്ല. ഭാര്യയെ ബസ് കയറ്റിവിടാന്‍ വന്ന സമീപവാസിയായ ഷിബുവാണു മറിഞ്ഞുകിടന്ന ഗേറ്റിനടിയില്‍ വസ്ത്രത്തിന്റെ തുമ്പുകണ്ട് അപകടവിവരം സമീപവാസികളെ അറിയിച്ചത്. സമീപവാസികള്‍ ഓടിയെത്തി ഗേറ്റ് ഉയര്‍ത്തിമാറ്റി ജോസ്‌മേരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.