ക്രൈസ്റ്റ് ചര്‍ച്ച്: വെറ്ററന്‍ ന്യൂസിലന്‍ഡ് ഇടം കൈയന്‍ പേസര്‍ നീല്‍ വാഗ്നര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ വ്യാഴാഴ്ച ആംരഭിക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ താരവുമുണ്ടായിരുന്നു. എന്നാല്‍ പരമ്പരയ്ക്ക് നില്‍ക്കാതെ 37കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
64 ടെസ്റ്റുകളില്‍ നിന്നു 260 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ അഞ്ചാമത് വാഗ്നറാണ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച വാഗ്നര്‍ പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു.2012ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ന്യൂസിലന്‍ഡിനായി അരങ്ങേറിയത്. ടെസ്റ്റിലെ മികച്ച ബൗളിങും വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്നെ. 39 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ഇന്ത്യയെ വീഴ്ത്തി പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡിനു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് വാഗ്നറുടെ ബൗളിങായിരുന്നു. 2019- 21 സീസണിലെ കിരീടം സ്വന്തമാക്കിയാണ് കിവികള്‍ പ്രഥമ ചാമ്പ്യന്‍മാരായത്.