കര്‍ണാടകയില്‍ ലോറി ഡ്രൈവര്‍മാര്‍ ജനുവരി 17 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

0

ബെംഗളൂരു: കര്‍ണാടകയില്‍ ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജനുവരി 17 മുതല്‍ സംസ്ഥാനത്തുടനീളം ഡ്രൈവര്‍മാര്‍ പണിമുടക്കുമെന്ന് ഫെഡറേഷന്‍ ഓഫ് കര്‍ണാടക ലോറി ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഭാരതീയ ന്യായ് സന്‍ഹിത (ബിഎന്‍എസ്) പ്രകാരം ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ക്കുള്ള കര്‍ശന നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

 

കേന്ദ്ര തീരുമാനം ഏകപക്ഷീയമാണ്. തിടുക്കപ്പെട്ടുള്ള തീരുമാനത്തിലെത്തുന്നതിന് മുമ്പ് തങ്ങളോട് കൂടിയാലോചന നടത്തിയില്ല. സംസ്ഥാനത്തെ മുഴുവന്‍ ട്രക്ക് ഡ്രൈവര്‍മാരും പണിമുടക്കില്‍ സഹകരിക്കും. ജനുവരി 17 മുതല്‍ ഒരു ലോറിയും നിരത്തിലിറങ്ങില്ല ഫെഡറേഷന്‍ ഓഫ് കര്‍ണാടക ലോറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി നവീന്‍ റെഡ്ഡി പറഞ്ഞു.

 

കൊളോണിയല്‍ കാലഘട്ടത്തിലെ ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായി നിലവില്‍ വന്ന ഭാരതീയ ന്യായ് സന്‍ഹിത പ്രകാരം, അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ റോഡപകടം ഉണ്ടാക്കുകയും പൊലീസിനെയോ ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ അറിയിക്കാതിരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 7 ലക്ഷം രൂപ പിഴയും 10 വര്‍ഷം തടവ് ശിക്ഷയും ലഭിക്കുന്നതുമാണ് പുതിയ നിയമം. ഇതിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍, ടാക്‌സി, ബസ് ഓപ്പറേറ്റര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here