ഇസ്രയേലിനെതിരെ അന്താരാഷ്ട്ര കോടതിയിൽ ദക്ഷിണാഫ്രിക്ക; ഗാസയിൽ നടത്തുന്നത് വംശഹത്യയെന്ന് ആരോപണം

0

 

ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ച് ദക്ഷിണാഫ്രിക്ക. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് ആരോപിച്ചാണ് ദക്ഷിണാഫ്രിക്കയുടെ നീക്കം. 1948ലെ വംശഹത്യ കൺവെൻഷനിലെ കരാറിൻറെ നഗ്നമായ ലംഘനമാണിതെന്നും ദക്ഷിണാഫ്രിക്ക ചൂണ്ടിക്കാട്ടുന്നു.

 

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന സിവിലിയന്മാരുടെ ദുരവസ്ഥയിൽ ദക്ഷിണാഫ്രിക്ക വളരെയധികം ആശങ്കാകുലരാണ്. മാനവികതക്കെതിരായ കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും തുടർച്ചയായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗാസയിൽ നടക്കുന്നത് കൂട്ടക്കൊലയാണ്, വംശഹത്യ അല്ലെങ്കിൽ അനുബന്ധ കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്നതാണിതെന്നും ഹർജിയിൽ പറയുന്നു.

 

ഇസ്രയേലിൻറെ സൈനിക നടപടികൾ പലസ്തീൻ ദേശീയ, വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ളതാണെന്നും 84 പേജുള്ള ദക്ഷിണാഫ്രിക്കയുടെ ഹർജിയിൽ പറയുന്നു. ഹർജി അടുത്തയാഴ്ച തന്നെ പരിഗണിക്കണമെന്നും ഗാസയിൽ എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കാനും വംശഹത്യ തടയാനും ഇസ്രായേലിന് നിർദേശം നൽകണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു.

 

എന്നാൽ അടിസ്ഥാനരഹിതമായ ആരോപണം എന്നാണ് ഇസ്രായേൽ ഇതിനോട് പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കയുടെ അവകാശവാദം കോടതിയെ ചൂഷണം ചെയ്യുന്നതാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ലിയോർ ഹയാത്ത് പറഞ്ഞു. അതേസമയം, ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 21,500 കഴിഞ്ഞു. അരലക്ഷത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here