അയ്യൻകുന്ന് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; പകരം വീട്ടുമെന്ന് തിരുനെല്ലിയിൽ പോസ്റ്ററുകൾ

0

കണ്ണൂർ: തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് കണ്ണൂരിൽ മാവോയിസ്റ്റ് പോസ്റ്റർ. കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്ററിൽ മാവോയിസ്റ്റുകൾ പറയുന്നു. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്. ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരം വീട്ടുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയിൽ എത്തിയത്. കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. നവംബർ 13ന് രാവിലെ ആയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.

അതേസമയം മാവോയിസ്റ്റ് കൊല്ലപ്പെട്ടിരിക്കാമെന്ന സംശയത്തിലാണ് പൊലീസും ഉള്ളത്. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകൾ പിൻവാങ്ങിയപ്പോൾ ഈ സ്ഥലത്ത് തണ്ടര്‍ബോൾട്ട് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ഒരു സ്ത്രീയുടെ കൈയിലെ എല്ലിൻ കഷണം ലഭിച്ചിരുന്നു. പരിക്കേറ്റയാൾ കൊല്ലപ്പെട്ടിരിക്കാമെന്നും മൃതദേഹം മാവോയിസ്റ്റുകൾ വനത്തിനുള്ളിൽ സംസ്കരിച്ചിരിക്കാമെന്നും സംശയമുണ്ട്. ചികിത്സ തേടാതെ മരണം സംഭവിച്ചതാകാമെന്നും പൊലീസ് കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here