രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണം റിപ്പോര്‍ട്ടു ചെയ്യുന്ന സംസ്ഥാനമായി ഗുജറാത്ത്

0

 

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം കസ്റ്റഡി മരണം റിപ്പോര്‍ട്ടു ചെയ്യുന്ന സംസ്ഥാനമായി ഗുജറാത്ത്. 2022-ല്‍ കേരളത്തില്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം 14 പേരാണ് ഗുജറാത്ത് പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 2022-ലെ എന്‍സിആര്‍ബി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

 

ഗുജറാത്തില്‍ നാലു കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും 10 കേസുകളില്‍ മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു കേസില്‍പ്പോലും കുറ്റപത്രമോ അറസ്റ്റോ ഉണ്ടായിട്ടില്ല.

 

ഗുജറാത്തില്‍ എട്ടുമരണം ആത്മഹത്യയാണ്. അഞ്ചുമരണം ചികിത്സയ്ക്കിടയിലും ഒരു മരണം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴുമാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-ല്‍ ഗുജറാത്തില്‍ 23 കസ്റ്റഡിമരണവും 2020-ല്‍ 15 മരണവുമാണ് റിപ്പോര്‍ട്ടു ചെയ്തത്.

 

മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തതും ഗുജറാത്തിലാണ്. 2022-ല്‍ മദ്യനിരോധന നിയമപ്രകാരം 3.10 ലക്ഷം കേസുകളും 2021-ല്‍ 2.83 ലക്ഷം കേസുകളും റിപ്പോര്‍ട്ടു ചെയ്തു.2022-ല്‍ കേരളത്തില്‍ കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 50 സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതില്‍ ആറുപേര്‍ ലോക്കപ്പിനകത്തു നിന്നും 44 പേര്‍ ലോക്കപ്പിന് വെളിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

 

കേരളത്തില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ചെയ്ത 2.35 ലക്ഷം കുറ്റപത്രങ്ങളില്‍ കൂടുതലും വാഹനമോടിക്കലുമായി ബന്ധപ്പെട്ടാണ്. 1.63 ലക്ഷവും അശ്രദ്ധയേറിയ വാഹനമോടിക്കലുമായി ബന്ധപ്പെട്ടാണ് രജിസ്റ്റർ ചെയ്തത്. രാജ്യത്ത് വാഹനമോടിക്കലുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് കേരളത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here