‘400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി’

0

ബംഗളുരു: പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാരോപണത്തില്‍ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 400-ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ രാജ്യം വിടാന്‍ അനുവദിച്ചതാണ് മോദിയുടെ ഗ്യാരണ്ടിയെന്ന് രാഹുല്‍ വിമര്‍ശിച്ചു.

സ്ത്രീകളെ കൂട്ടബലാംത്സംഗം ചെയ്തയാള്‍ക്കുവേണ്ടിയാണ് ബിജെപിയും നരേന്ദ്ര മോദിയും വോട്ട് ചോദിക്കുന്നത്. പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ചതിന് മോദി ജനങ്ങളോട് മാപ്പ് പറയണമെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലേക്ക് രക്ഷപ്പെട്ട് പോകുന്നത് മോദി തടഞ്ഞില്ല. മോദിയുടെ പക്കല്‍ എല്ലാ സംവിധാനങ്ങളുമുണ്ട്. എന്നിട്ടും അയാളെ ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിച്ചു. ഇതാണ് ‘മോദിയുടെ ഗ്യാരണ്ടി’. ബലാത്സംഗം ചെയ്തയാളാകട്ടെ അഴിമതിക്കാരനാകട്ടെ, അവരെ ബിജെപി സംരക്ഷിക്കും.’ രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രജ്വല്‍ രേവണ്ണയുടേത് ചെറിയ കേസല്ലെന്നും സമൂഹ ബലാത്സംഗം എന്ന് വിളിക്കണ്ട സംഭവമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിഷയം മോദി അടക്കമുള്ള ബിജെപി നേതൃത്വത്തിന് അറിയാം എന്ന വിവരം ആണ് പുറത്ത് വരുന്നതെന്നും രാഹുല്‍ പറഞ്ഞു.

വിഷയം നേരത്തെ തന്നെ അറിഞ്ഞിട്ടും മോദി അത് മറച്ചു വെച്ചു, പ്രജ്വലിന് പിന്തുണ നല്‍കി. അങ്ങനെ ലോകത്തിന് മുന്നില്‍ മോദി രാജ്യത്തെ നാണം കെടുത്തി. സഖ്യം ഉണ്ടാക്കാന്‍ എന്തും ചെയ്യുന്ന ആളാണ് മോദിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ രാജ്യത്തെ സ്ത്രീകളോട്, നമ്മുടെ അമ്മമാരോട്, സഹോദരിമാരോട് മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply