നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല; സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന ഉത്തരവും പിന്‍വലിക്കും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

0

 

വിദ്യാര്‍ത്ഥികളെ ഇനി നവകേരള സദസില്‍ പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നവകേരള സദസിന് അഭിവാദ്യമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്.

 

ഇതേ തുടര്‍ന്ന് കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എല്ലാ ഉത്തരവുകളും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവുകള്‍ തിങ്കളാഴ്ച പിന്‍വലിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് ചെറിയാന്‍ കോടതിയെ അറിയിച്ചത്.

 

ഇത് കൂടാതെ നവകേരള സദസിന് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന ഉത്തരവും ഉടന്‍ പിന്‍വലിക്കുമെന്നും അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഉറപ്പ് നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നത്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കാസറഗോഡ് കൊട്ടോടി സ്വദേശി ഫിലിപ്പ് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here