പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്: കെ കെ എബ്രഹാം അറസ്റ്റിൽ

0

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാമിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി.

പ്രാദേശിക കോൺ​ഗ്രസ് നേതാവ് സജീവൻ കൊല്ലപ്പള്ളിയെയും ഇതേ കേസിൽ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെ കെ എബ്രാഹാമിനെ കസ്റ്റഡിയിലെടുത്തത്. എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവൻ. മുമ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായതിനെത്തുടർന്ന് എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു.

പുൽപ്പള്ളി ബാങ്കിൽ നിന്ന് ലോണെടുത്ത കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. 80,000 രൂപയായിരുന്നു ലോണെടുത്തിരുന്നത്. എന്നാൽ 40 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. ഇതോടെ കർഷകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കെ കെ എബ്രഹാം ഉൾപ്പെടെ നാലോളം പേരുടെ പേരുവിവരങ്ങൾ ആത്മഹത്യക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.

ഏകദേശം എട്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഇഡി കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. 10 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here