ഡിവൈഎഫ്‌ഐയുടെ മാതൃക രക്ഷാപ്രവർത്തനം’; മുഖ്യമന്ത്രി ട്രോളിയതെന്ന് എംബി രാജേഷ്

0

 

നവകേരള സദസ് യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐയുടെ മാതൃക രക്ഷാ പ്രവർത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ട്രോൾ സ്വഭാവത്തോടെയെന്ന് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞതിൽ പകുതി തമാശയാണെന്നും തെരുവിൽ നേരിടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന്റേത് തങ്കമനസാണോ എന്നും എംബി രാജേഷ് ചോദിച്ചു.

 

ബസിന് മുന്നിൽ ചാടിയവരെ രക്ഷിച്ചില്ലെങ്കിൽ പ്രചാരണം മറ്റൊന്നാകുമായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അവരെ രക്ഷപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ പ്രചാരവേല മറ്റൊന്നാകുമായിരുന്നുവെന്നും സംയമനം വിടരുത് എന്നാണ് നിലപാടെന്നും പി രാജീവ് കൂട്ടിച്ചേർത്തു. കണ്ണൂരിൽ നവകേരള സദസ് യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

 

മാതൃകാപരമായ പ്രവർത്തനം തുടരണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. ആരെങ്കിലും ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാൽ തള്ളിമാറ്റുകയല്ലേ ചെയ്യുക. അതിനെ വേറൊരു തരത്തിൽ എടുക്കേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Leave a Reply