യൂട്യൂബർമാർക്ക് പ്രവേശനമില്ല’; ദുർഗാ പൂജ പന്തലിന് പുറത്തെ അറിയിപ്പ് വൈറലാകുന്നു

0

പശ്ചിമ ബംഗാളിൽ ഉടനീളമുള്ള ദുർഗ്ഗാ പൂജ പന്തലുകളിൽ എല്ലാ വർഷവും ധാരാളം ആളുകൾ പങ്കെടുക്കുന്നു. തനതായ തീമുകളെ അടിസ്ഥാനമാക്കി മനോഹരമായി അലങ്കരിച്ച പന്തലുകൾക്കും തീക്ഷ്ണതയ്ക്കും വിനോദത്തിനും ഭക്ഷണത്തിനുമുള്ള സമയമാണ് ദുർഗ്ഗാ പൂജ. എന്നാൽ, ഈ വര്‍ഷത്തെ ദുർഗാ പൂജാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് യൂട്യൂബർമാർക്ക് കർശന വിലക്കാണ് ചില സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്. ‘യൂറ്റ്യൂബര്‍മാര്‍ക്ക് പ്രവേശനമില്ല’ എന്നെഴുതിയ ബോര്‍ഡുകള്‍ ഇതിനകം പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. പുർബാചൽ ശക്തി സംഘടനയുടെ ഇത്തരത്തിലുള്ള ഒരു നോട്ടീസ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്. ‘ദുർഗ്ഗ പൂജ ചടങ്ങുകളിൽ യൂറ്റ്യൂബർമാർക്ക് പ്രവേശനമില്ല’ എന്നാണ് നോട്ടീസിൽ അച്ചടിച്ചിരിക്കുന്നത്.

ഈ നോട്ടീസ് എക്സ് പ്ലാറ്റ്ഫോമിലൂടെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് സ്വാതി മോയിത്ര എന്ന ട്വിറ്റര്‍ (X) ഉപഭോക്താവാണ്. നോട്ടീസിന്‍റെ ഫോട്ടോ ഓൺലൈനിൽ ഷെയർ ചെയ്തയുടനെ, ഈ നീക്കത്തിന് പിന്തുണ അറിയിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. യൂറ്റ്യൂബർമാരുടെ ശല്യം അതിര് കടക്കുകയാണെന്നും ഇത്തരത്തിൽ ഒരു നീക്കം സ്വാഗതാർഹമാണെന്നുമായിരുന്നു ഉപഭോക്താക്കളിൽ ഭൂരിഭാഗമാളുകളും കുറിച്ചത്. ഇനി മുതൽ എല്ലായിടത്തും ഇത്തരത്തിലുള്ള തീരുമാനങ്ങൾ നടപ്പിലാക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പല സ്ഥലങ്ങളിലും യൂറ്റ്യൂബർമാരുടെ അതിരുകടന്ന ഇടപെടലുകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ വലുതാണെന്നും ഒരു സാമൂഹിക ശല്യം പോലെയായി മാറിക്കഴിഞ്ഞു ഇവരുടെ ഇടപെടലുകളെന്നും ചിലരെഴുതി. എട്ടര ലക്ഷം പേരാണ് ഈ ട്വീറ്റ് കണ്ടത്.

പരമ്പരാഗതമായി, ദുർഗ്ഗാ പൂജാ ആഘോഷങ്ങൾ വളരെയധികം ആളുകളെ ആകർഷിക്കാറുണ്ട്, കഴിഞ്ഞ വർഷം, സന്തോഷ് മിത്ര സ്‌ക്വയറിലെ ദുർഗാ പൂജാ പന്തലിലെ ലേസർ ഷോ വേദിയിലെ തിരക്ക് കാരണം കൊൽക്കത്ത പോലീസിന് ഷോ .നിർത്തിവയ്ക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുപോലുള്ള സാഹചര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, അമിതമായ തിരക്ക് കൈകാര്യം ചെയ്യുന്നതിനും പൂജാ ക്രമീകരണങ്ങൾ സുരക്ഷിതവും തടസ്സരഹിതവുമായി ഉറപ്പാക്കുന്നതിനുമുള്ള ഒരു മുൻകരുതൽ നടപടിയായി സാമൂഹിക മാധ്യമ ഉപയോക്താക്കൾ പൂർബാചൽ ശക്തി സംഘിന്‍റെ തീരുമാനത്തെ പരിഗണിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here