ജി.ഐ.പി.എൽ ടോൾ പിരിവിന്‍റെ പേരിൽ നടത്തുന്നത് കൊള്ള; പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ഗേറ്റ് തുറന്ന് വാഹനങ്ങൾ കയറ്റിവിട്ടു

0

തൃശ്ശൂർ: പാലിയേക്കരയിൽ ജി.ഐ.പി.എൽ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) ടോൾ പിരിവിന്‍റെ പേരിൽ നടത്തുന്നത് കൊള്ളയാണെന്ന് ആരോപിച്ച് പ്രതിഷേധം. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടോള്‍ പ്ലാസയിലെ ബൂത്തിലേക്കെത്തിയ പ്രതിഷേധക്കാര്‍ വാഹനങ്ങളെ ടോള്‍ അടക്കാതെ കയറ്റിവിട്ടു. ജി.ഐ.പി.എല്ലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ ദിവസം ഇ.ഡി. മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.

ടി.എന്‍. പ്രതാപന്‍ എം.പി.യാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ ഗേറ്റുകള്‍ തുറന്നുനല്‍കി വാഹനങ്ങള്‍ക്ക് സൗജന്യ യാത്രയൊരുക്കുകയായിരുന്നു. എറണാകുളം ഭാഗത്തേക്കുള്ള ഗേറ്റുകളെല്ലാം തുറന്നു നല്‍കിയായിരുന്നു പ്രതിഷേധം. നിലവില്‍ 1250 കോടിയിലധികം രൂപയാണ് പാലിയേക്കര ടോള്‍ പിരിവു വഴി സമാഹരിച്ചത്. 760 കോടി രൂപയാണ് റോഡുപണിക്ക് ചെലവായത്. 2028 വരെ കമ്പനിക്ക് പിരിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം 24 മണിക്കൂറിലേറെയാണ് പാലിയേക്കരയില്‍ ഇ.ഡി. റെയ്ഡ് നടത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടോള്‍ കമ്പനിയുടെ പ്രവര്‍ത്തനമെന്നും സര്‍വീസ് റോഡുകളോ ബസ് ബേകളോ ട്രക്ക് ബേകളോ കമ്പനി യാത്രക്കാര്‍ക്ക് അനുവദിച്ചു നല്‍കുന്നില്ലെന്നും ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സി.ബി.ഐ. നേരത്തേ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

Leave a Reply