ഗുരുവായൂർ ദേവസ്വം ചട്ടവിരുദ്ധമായി പണം നിക്ഷേപിച്ചു; സിംഗപ്പുർ ബാങ്കിൽ 117 കോടിയോളം നിക്ഷേപം

0

ഗുരുവായൂർ ദേവസ്വം ചട്ട വിരുദ്ധമായാണ് പണം നിക്ഷേപിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ട്. പേരകം, എരിമയൂർ സഹകരണ ബാങ്കുകളിൽ ഉള്ളത് 17 ലക്ഷത്തോളം രൂപയുടെ നിക്ഷേപം. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിൽ 117 കോടിയോളം നിക്ഷേപം. ഇസാഫിൽ ഗുരുവായൂർ ദേവസ്വം നിക്ഷേപിച്ചത് 63 കോടിയോളം രൂപ. ശേഷിക്കുന്ന തുക ഷെഡ്യൂൾഡ് ബാങ്കുകളിലും റിസർവ് ബാങ്ക്​ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ്​.

 

ഗുരുവായൂർ ദേവസ്വത്തിന്‍റെ 60 ശതമാനം പണവും ദേശസാത്കൃത ബാങ്കുകളിലാണ്​ നിക്ഷേപിച്ചിട്ടുള്ളതെന്ന്​ ദേവസ്വം മാനേജിങ്​​ കമ്മിറ്റി ഹൈകോടതിയെ അറിയിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട്​ തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാർ നൽകിയ ഹരജിയിലാണ് വിശദീകരണം.

 

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു ചൂണ്ടിക്കാട്ടിയാണ്​ ഇത്തരമൊരു ആവശ്യമുന്നയിച്ച്​ ഹർജി നൽകിയത്​. പണം ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദേശിക്കണമെന്നും ദേവസ്വം സ്വത്തുക്കളുടെ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണമെന്നും ഇതിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

 

ഗുരുവായൂർ ദേവസ്വത്തിന്‍റെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ വിശദീകരണ പത്രിക നൽകണമെന്ന്​ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു. ദേവസ്വത്തിന്‍റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സ്വമേധയ സ്വീകരിച്ച ഹർജിക്കൊപ്പം ഇതും പരിഗണിക്കാൻ മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here