സിക്കിമിലെ മിന്നൽ പ്രളയം; വെള്ളത്തിലൂടെ ഒഴുകി എത്തിയ ഷെൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ആൺ കുട്ടി മരിച്ചു: രണ്ട് സ്ത്രീകളടക്കം അഞ്ച് പേർക്കു പരുക്ക്

0


ന്യൂഡൽഹി: സിക്കിമിലുണ്ടായ മിന്നൽപ്രളയത്തിനിടെ ഒഴുകി എത്തിയ ഷെൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ആൺ കുട്ടി മരിച്ചു. ബംഗാളിലെ ജൽപായ്ഗുഡി സ്വദേശിയായ ആൺകുട്ടിയാണ് ദാരുണമായി മരിച്ചത്. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം അഞ്ചു പേർക്കു പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. പ്രളയജലത്തിൽ ഒഴുകിയെത്തിയ ഷെൽ വീട്ടിലെത്തിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ അതു പൊട്ടിത്തെറിക്കുക ആയിരുന്നു.

സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വെള്ളത്തിലൂടെ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അതേസമയം പ്രളയത്തിൽ അകപ്പെട്ട ഏഴ് സൈനികരുടേതടക്കം 22 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ ആറു പേർ വനിതകളാണ്. ഇതോടെ, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. പ്രളയത്തിൽ ഒഴുകിപ്പോയ 15 സൈനികരടക്കം 103 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മരിച്ച ഏഴ് സൈനികരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇതിനിടെ, വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള മൂവായിരത്തോളം വിനോദസഞ്ചാരികളെ ഹെലികോപ്റ്റർ മാർഗം സുരക്ഷിത സ്ഥലങ്ങളിലേക്കെത്തിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാരും കരസേനയും ആരംഭിച്ചു. മുഖ്യമന്ത്രി പ്രേംസിങ് തമാങ് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.സംസ്ഥാനത്തിനുള്ള അടിയന്തര സഹായമായി 44.8 കോടി രൂപ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചു. സിക്കിം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ മന്ത്രിതല സമിതിക്കും കേന്ദ്രം രൂപംനൽകി.

LEAVE A REPLY

Please enter your comment!
Please enter your name here