ഷാർജ സഫാരി പാർക്കിലേക്ക് വീണ്ടും ആഫ്രിക്കൻ വന്യമൃഗങ്ങളെത്തി: ജൈവ വൈവിധ്യം സംരക്ഷിക്കുക മുഖ്യ ലക്ഷ്യമെന്ന് പാർക്ക് അധികൃതർ

0

വൈശാഖ് നെടുമല

ദുബായ്: ഷാർജ സഫാരി പാർക്കിലേക്ക് പുതിയതായി 61 ആഫ്രിക്കൻ വന്യമൃഗങ്ങളെത്തി. ഗസൽ, ആന്റിലോപ്പ് വർഗങ്ങളിൽ പെടുന്ന 61 ആഫ്രിക്കൻ വന്യമൃഗങ്ങളെയാണ് ഷാർജ സഫാരി പാർക്കിലേക്ക് പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഷാർജ എൻവിറോൺമെന്റ് ആൻഡ് പ്രൊട്ടക്‌റ്റഡ് ഏരിയാസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ഷാർജ സഫാരി പദ്ധതിയുടെ ഭാഗമായി ജൈവവൈവിദ്ധ്യം ഉയർത്തുന്നത് ലക്ഷ്യമിട്ട് സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ തുടങ്ങി വിവിധ ആഫ്രിക്കൻ ജീവി വർഗങ്ങളെ ഘട്ടം ഘട്ടമായി പാർക്കിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കിവരുന്നതായി അതോറിറ്റി ചെയർപേഴ്സൺ ഹന സൈഫ് അൽ സുവൈദി അറിയിച്ചു. ഷാർജയുടെ പാരിസ്ഥിതിക മൂല്യം, വിനോദസഞ്ചാരം എന്നിവ ശക്തിപ്പെടുത്തുന്നതിന് ഇത് ഉപകരിക്കും. ഇതിലൂടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനും, സുസ്ഥിരത, ഇക്കോ-ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കൂടി ഇത് ലക്ഷ്യമിടുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കാണ് ഷാർജ സഫാരി. അൽ ധൈദിലെ അൽ ബ്രിദി റിസേർവിലാണ് എട്ട് സ്‌ക്വയർ കിലോമീറ്ററോളം വിസ്തൃതിയുള്ള ഷാർജ സഫാരി ഒരുക്കിയിരിക്കുന്നത്.

ഷാർജ സഫാരിയിൽ പന്ത്രണ്ട് വ്യത്യസ്ഥ പരിസ്ഥിതി മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയുടെ വിവിധ മേഖലകളിലെ ജന്തുജാലങ്ങൾ, പക്ഷികൾ, മരങ്ങൾ, ഭൂപ്രദേശങ്ങളുടെ ഘടന തുടങ്ങിയവ ഈ വ്യത്യസ്ഥ പരിസ്ഥിതി മേഖലകളിൽ ദർശിക്കാവുന്നതാണ്.

നൂറ്റിയിരുപതിൽ പരം ഇനങ്ങളിലായി അമ്പതിനായിരത്തിൽ പരം വന്യജീവികൾ, ആഫ്രിക്കയിൽ കണ്ട് വരുന്ന ഒരു ലക്ഷത്തോളം മരങ്ങൾ എന്നിവ ഷാർജ സഫാരിയുടെ ആകർഷണങ്ങളാണ്. സന്ദർശകർക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ കണ്ടറിയുന്നതിന് ഷാർജ സഫാരി അവസരമൊരുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here