പോപ്പുലർ ഫ്രണ്ടുമായി സഹകരിച്ചു നിന്നവരുടെ വീട്ടിൽ വീണ്ടും തെളിവ് ശേഖരണം; മലപ്പുറത്തും കൊല്ലത്തും കണ്ണൂരും റെയ്ഡുകൾ

0

മലപ്പുറം: മലപ്പുറം ജില്ലയിൽ നാലിടങ്ങളിൽ എൻഐഎ പരിശോധന. പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിലാണ് പരിശോധന. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. കണ്ണൂരിലും കൊല്ലത്തും പരിശോധന നടന്നു. മലപ്പുറത്ത് നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. എൻഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. കണ്ണൂർ കൊടപറമ്പ്, കണ്ണൂർ സിറ്റി, പള്ളിപ്രം എന്നിവിടങ്ങളിൽ പുലർച്ചെ നാല് മണിക്ക് ആരംഭിച്ച റെയ്ഡ് ഒൻപതരയോടെ അവസാനിച്ചു.

സാമ്പത്തിക സ്ത്രോതസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. സംഘടന നിരോധിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി പി.എഫ്.ഐ. കേന്ദ്രങ്ങളിൽ എൻ.ഐ.എ. പരിശോധന നടത്തി വരികയായിരുന്നു. അതിന്റെ തുടർച്ചയാണ് ജില്ലയിൽ നടന്ന പരിശോധനയും. കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം ഇതുവരെ 200-ലധികം പേരാണ് രാജ്യവ്യാപകമായി എൻ.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. ഇനിയും അറസ്റ്റുകൾ തുടരുമെന്നാണ് കേന്ദ്ര ഏജൻസികൾ നൽകുന്ന സൂചന.

പരിശോധന ആരംഭിച്ച ശേഷമാണ് വിവരം എൻഐഎ ലോക്കൽ പൊലീസിനെ അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറത്തെ ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരി ഗ്രീൻവാലി എൻഐഎ കണ്ടുകെട്ടിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻഡിഎഫിന്റെ കാലം മുതൽ തന്നെ പ്രവർത്തിച്ചിരുന്നു കേന്ദ്രമായിരുന്നു ഇത്.സ്വത്തുവിവരങ്ങൾ കൈമാറിയിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് എൻഐഎ നേരിട്ടെത്തി സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട്‌സ്വത്തുവകകൾ കണ്ടുകെട്ടിയത്. നടപടികൾ തുടരുന്നതിന്റെ സൂചനയാണ് ഇന്നത്തെ റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് പരിശോധനയെന്നാണ് സൂചന.

ഈ മാസം ആദ്യം മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രം എൻഐഎ കണ്ടുകെട്ടിയിരുന്നു. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരി ഗ്രീൻവാലിയാണ് എൻഐഎ കണ്ടുകെട്ടിയത്. ഇതിന് പിന്നാലെയാണ് പ്രവർത്തകരുടെ വീടുകളിൽ മിന്നൽ റെയ്ഡ് തുടങ്ങിയത്. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകൾക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.

മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിവ എൻഐഎ നേരത്തെ കണ്ടുകെട്ടിയിരുന്നു.പോപ്പുലർ ഫ്രണ്ട് നിരോധനത്തെത്തുടർന്ന് സ്ഥാപനത്തിൽ എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കോതമംഗലം സ്വദേശി എൻ കെ അഷ്‌റഫിന്റെ ഉടമസ്ഥയിലുള്ള റിസോർട്ടും എൻഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ് കണ്ടുകെട്ടിയിരുന്നു.

രണ്ടുകോടി അൻപത്തിമൂന്നുലക്ഷം രൂപയുടെ ആസ്തിവകകളാണ് മരവിപ്പിച്ചത്. ഇടുക്കിയിൽ നാലുവില്ലകളും ഏഴേക്കറോളം ഭൂമിയും ഉൾപ്പെടുന്ന സ്വകാര്യ ടൂറിസം പദ്ധതിയാണിത്. എൻ കെ അഷ്‌റഫിനെതിരെ കള്ളപ്പണം വെളുപ്പക്കലിന് ഇഡി കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here