നിങ്ങള്‍ ‘ഇന്ത്യ’യെ വെല്ലുവിളിക്കുമോ? എന്‍.ഡി.എയോടു മമതാ ബാനര്‍ജി

0

ബംഗളുരു: “ഇന്ത്യ”യെ വെല്ലുവിളിക്കാന്‍ നിങ്ങള്‍ക്കാകുമോയെന്ന ചോദ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി.
ബംഗളുരുവില്‍ പ്രതിപക്ഷ ഐക്യസമ്മേളനത്തിനുശേഷം സഖ്യത്തിന്റെ പേരടക്കം പുറത്തുവിട്ട്‌ നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ മമത എന്‍.ഡി.എയ്‌ക്കും ബി.ജെ.പിക്കും മുന്നില്‍ ഈ ചോദ്യമുയര്‍ത്തിയത്‌.
രാജ്യത്തിനും ലോകത്തിനും കര്‍ഷകര്‍ ഉള്‍പ്പെടുന്ന സമസ്‌ത ജനവിഭാഗങ്ങള്‍ക്കും പിന്നില്‍ ഞങ്ങളുണ്ട്‌. മാതൃരാജ്യത്തെ സ്‌നേഹിക്കുന്ന യഥാര്‍ഥ ദേശസ്‌നേഹികളാണു നമ്മള്‍. പശ്‌ചിമ ബംഗാളിലെയും മണിപ്പൂരിലെയും ഹിന്ദുക്കള്‍, ദലിതുകള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പിയുടെ ഭീഷണി നിഴലിലാണ്‌ കഴിയുന്നത്‌. സര്‍ക്കാരുകളെ വിലയ്‌ക്കെടുക്കുകയും വില്‍ക്കുകയും ചെയ്യുകയാണ്‌ അവരുടെ ജോലി- മമത പറഞ്ഞു.
കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍, ശിവസേനാ നേതാവ്‌ ഉദ്ധവ്‌ താക്കറെ, കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു. മടക്കയാത്രയ്‌ക്കു തിരക്കുള്ളതിനാലാണു പലനേതാക്കളും പത്രസമ്മേളനത്തില്‍ സംബന്ധിക്കാതിരുന്നതെന്ന്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശദീകരിച്ചു.
പ്രധാനമന്ത്രി പദത്തിനോ ശക്‌തിപ്രകടനത്തിനോ കോണ്‍ഗ്രസിനു താല്‍പര്യമില്ല. പഴയ സഖ്യകക്ഷികളുമായുള്ള അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ത്ത്‌ ഒപ്പംനിര്‍ത്താന്‍ ഭരണകക്ഷിയുടെ അധ്യക്ഷനും നേതാക്കളും സംസ്‌ഥാനങ്ങള്‍ തോറും പരക്കം പായുകയാണ്‌. 11 സംസ്‌ഥാനങ്ങളില്‍ ഭരണത്തിലുള്ള 26 പാര്‍ട്ടികളാണ്‌ പ്രതിപക്ഷ സഖ്യത്തിലുള്ളത്‌.
ബി.ജെ.പി. ഒറ്റയ്‌ക്കല്ല, സഖ്യകക്ഷികളുടെ വോട്ടിന്റെ കൂടി പിന്‍ബലത്തിലാണ്‌ 303 സീറ്റുകള്‍ നേടിയത്‌. പിന്നീട്‌ സഖ്യകക്ഷികളെ നിഷ്‌കരുണം വഴിയാധാരമാക്കുകയായിരുന്നെന്നും ഖാര്‍ഗെ പറഞ്ഞു.

Leave a Reply