ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ നേതാക്കളും. കേരളത്തിന്റെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ച നേതാവിനെയാണ് നഷ്‌ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.
അദ്ദേഹവുമായി ഇടപെട്ട നിമിഷങ്ങള്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു, പ്രത്യേകിച്ച് ഞങ്ങള്‍ രണ്ടു പേരും രണ്ടു സംസ്‌ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായി സേവനമനുഷ്‌ഠിച്ച കാലത്തും പിന്നീട് ഡല്‍ഹിയിലേക്ക് മാറിയപ്പോഴുമുള്ളത്. ഈ വിഷമഘട്ടത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു- ഉമ്മന്‍ചാണ്ടിയെ്‌ക്കാപ്പമുള്ള ചിത്രം പങ്കിട്ട് മോദി ട്വീറ്റ് ചെയ്‌തു.
രാഷ്‌ട്രപതി ദ്രൗപദി മുര്‍മു
ഉമ്മന്‍ ചാണ്ടിജിയുടെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്‌ടമായത് ജനങ്ങളെ സേവിക്കാന്‍ സമര്‍പ്പിതനായ പ്രമുഖ വ്യക്‌തിത്വത്തെയാണ്. കേരളത്തിന്റെ പുരോഗതിക്ക് അദ്ദേഹം നല്‍കിയ സംഭാവനകളും ദേശീയ രാഷ്‌ട്രീയ ഇടത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനവും എക്കാലവും ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ എണ്ണമറ്റ അനുയായികള്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.
രാഹുല്‍ ഗാന്ധി
സാധാരണക്കാരുടെ ഇടയില്‍ വലിയ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായത്. കേരളത്തിലെ ജനങ്ങള്‍ക്ക് ആജീവനാന്തം നല്‍കിയ സേവനത്തിന്റെ പേരില്‍ അദ്ദേഹം ഓര്‍മിക്കപ്പെടും. ഉമ്മന്‍ചാണ്ടിയുടെ കൈപിടിച്ച് നടക്കുന്ന ചിത്രവും രാഹുല്‍ ട്വീറ്റ് ചെയ്‌തു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ
രാഷ്‌ട്രീയ അതികായനും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനനായകനും കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവുമായിരുന്നു ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും ദേശീയ രാഷ്‌ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണവും ജനസേവനവും എക്കാലവും ഓര്‍മിക്കപ്പെടും.
പ്രിയങ്കാ ഗാന്ധി വാധ്‌ര
കോണ്‍ഗ്രസിന്റെ നെടുംതൂണായിരുന്നു ഉമ്മന്‍ചാണ്ടി. ഇന്നു നാം പോരാടുന്ന മൂല്യങ്ങളോട് അദ്ദേഹം അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയിരുന്നു.
ഗുലാം നബി ആസാദ്
സത്യസന്ധത, സമഗ്രത, ലാളിത്യം എന്നിവയുടെ പ്രതീകമായിരുന്നു ഉമ്മന്‍ ചാണ്ടി. പതിറ്റാണ്ടുകളായി ബന്ധമാണു ഞങ്ങള്‍ തമ്മിലുള്ളത്. കേരളത്തിലെ ദരിദ്രരുടെയും അധഃസ്‌ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി അദ്ദേഹം എല്ലായ്‌പ്പോഴും നിലകൊണ്ടു.