ശബരിമല വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോർട്ട് പ്രസദ്ധീകരിച്ചു. 358 ഭൂവുടമകളെയാണ് പദ്ധതി നടപ്പായാൽ നേരിട്ട് ബാധിക്കാൻ പോകുന്നത് .149 വാര്‍ക്ക കെട്ടിടങ്ങളെയും, 74 ഷീറ്റിട്ട കെട്ടിടങ്ങളെയും 30 ഓടിട്ട കെട്ടിടങ്ങളെയും കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ 221 ലയങ്ങളെയും പൂർണമായും ബാധിക്കും. പദ്ധതിക്കായി 3500 മീറ്റര്‍ നീളത്തിലുള്ള റണ്‍വേ വേണ്ടിവരും.കരട് റിപ്പോർട്ടിന്മേൽ ചർച്ച നടത്തി തയ്യാറാക്കിയ അന്തിമ റിപ്പോർട്ട്, പദ്ധതി പ്രദേശത്തെ താമസക്കാർ ഉന്നയിച്ച ആശങ്കകൾ ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സഹിതം സമർപ്പിച്ചിട്ടുണ്ട്. ഹിയറിംഗിൽ നിരവധി പ്രശ്നങ്ങൾ ഉയർന്നുവെങ്കിലും, ഇവയിൽ ഭൂരിഭാഗവും എസ്റ്റേറ്റിലെ പ്രധാന പദ്ധതി പ്രദേശമായ തൊഴിലാളികളുടെയും ജീവനക്കാരുടെയും പുനഃരധിവാസവുമായി ബന്ധപ്പെട്ടതാണ്.അന്തിമ റിപ്പോർട്ട് വിശകലനം ചെയ്യാൻ പുനഃരധിവാസ വിദഗ്ധർ, സാമൂഹിക-സാങ്കേതിക വിദഗ്ധർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരടങ്ങുന്ന ഒരു വിദഗ്ധ സമിതിയെ സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുണ്ട്.