തമിഴ്‌നാട്ടിലെ സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടി രൂപയുമായി കടന്ന സംഘത്തിലെ തൃശൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

0

തമിഴ്‌നാട്ടിലെ സ്വർണവ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടി രൂപയുമായി കടന്ന സംഘത്തിലെ തൃശൂർ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നിന്നും പണവുമായി കേരളത്തിലേക്കു വരും വഴി മൂന്നാറിൽ വച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നു രണ്ട് സ്യൂട്ട് കേസ് നിറയെ പണം പിടിച്ചെടുത്തു. തൃശൂർ ചാലക്കുടി താഴൂർ വാടശേരി എഡ്വിൻ തോമസ് (26), ചാലക്കുടി മേലൂർ നെല്ലിശേരി ഫെബിൻ സാജു (26) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസിനെ കണ്ട് വാഹനം പിന്നിലേക്ക് എടുത്തതോടെ പ്രതിൾ സഞ്ചരിച്ചിരുന്ന കാറിടിച്ച് രണ്ട് വാഹനങ്ങളിലെ ഡ്രൈവർമാർക്കു പരുക്കേറ്റു. എന്നാൽ എക്‌സൈസും പൊലീസും ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു. തിരുനെൽവേലി നാങ്കുനേരി ഡിവൈഎസ്‌പി എൻ.രാജു, മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മെയ്‌ 30നു രാവിലെ തമിഴ്‌നാട്ടിൽ തിരുനൽവേലി നെല്ലെയിലാണു വ്യാപാരിയെ ആക്രമിച്ച് കവർച്ച നടന്നത്. നെല്ലെയ് സ്വദേശിയും സ്വർണവ്യാപാരിയുമായ സുശാന്ത് ആണ് ആക്രമണത്തിന് ഇരയായത്. സുശാന്ത് സ്വർണം വാങ്ങാനായി കാറിൽ ജീവനക്കാരുമൊത്ത് നെയ്യാറ്റിൻകരയ്ക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സുശാന്തിനേയും രണ്ട് ജീവനക്കാരെയും കമ്പിവടികൊണ്ട് അടിച്ചുവീഴ്‌ത്തിയ ശേഷമാണ് രണ്ട് വാഹനങ്ങളിലെത്തിയ എട്ടംഗസംഘം ഒന്നരക്കോടി തട്ടിയെടുത്തത്. മുഖംമൂടി ധരിച്ചാണ് ഇവർ എത്തിയത്. അന്വേഷണത്തിനിടെ, മോഷണസംഘത്തിലെ രണ്ടുപേർ കേരളത്തിലേക്കു കടന്നതായി തമിഴ്‌നാട് പൊലീസ് കണ്ടെത്തി.

ഇവർ വിവരം കേരളാാ പൊലീസുനു കൈമാറി. പ്രതികൾ ദേശീയപാത വഴി വരുന്നതറിഞ്ഞ് മൂന്നാർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്റ്റേഷനു സമീപം റോഡിൽ വാഹനം കുറുകെയിട്ടു. ഇതുവഴിയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും വിവരമറിഞ്ഞ് വാഹനം റോഡിലിട്ടു. പിന്നാലെ തമിഴ്‌നാട് പൊലീസും എത്തിയതോടെ പ്രതികൾ വാഹനം അമിതവേഗത്തിൽ പിന്നിലേക്കെടുത്തു. ഇതോടെ പിന്നിലുണ്ടായിരുന്ന ഒരു കാറും ഓട്ടോയും പ്രതികളുടെ വാഹനം ഇടിച്ചു തകർത്തു. ഇതോടെ ഈ വാഹനം നിയന്ത്രണംവിട്ട് പൊലീസ് സ്റ്റേഷൻ മതിലിൽ ഇടിച്ചാണു നിന്നത്.

പ്രതികളിലൊരാൾ വനത്തിലേക്ക് ഓടിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടി. പ്രതികളെ തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി. പിടിയിലായ ഫെബിൻ 8 കേസുകളിലും എഡ്വിൻ 2 കേസുകളിലും പ്രതികളാണെന്നു പൊലീസ് പറഞ്ഞു. എസ്‌ഐമാരായ കെ.ഡി.മണിയൻ, പി.എസ്.സുധീരൻ, വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ചർ കെ.ഇ.സിബി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here