മണിപ്പൂര്‍ കലാപം ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

0

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറിനെതിരെ പ്രിയങ്ക ഗാന്ധി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് രാഹുലും രംഗത്തെത്തിയത്.കലാപം 40 ദിവസം പിന്നിടുകയും നൂറിലേറെ പേര്‍ മരിക്കുകയും ചെയ്തിട്ടും മൗനിയായി തുടരുന്ന പ്രധാനമന്ത്രി പരാജയമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂര്‍ കലാപത്തിന് കാരണം.കലാപം അവസാനിപ്പിക്കാൻ സ‌ര്‍വകക്ഷി സംഘം ഉടൻ മണിപ്പൂരിലേക്ക് പോകണമെന്നും വിദ്വേഷത്തിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

മണിപ്പൂരിലെ സ്ഥിതി അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിപ്പൂര്‍ സന്ദര്‍ശിച്ച്‌ കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശും ആവശ്യപ്പെട്ടിരുന്നു.പ്രധാനമന്ത്രി പോയില്ലെങ്കില്‍ പിന്നെ ആരാണ് പോകുകയെന്ന് ചോദിച്ച അദ്ദേഹം,മണിപ്പൂരിനെ കുറിച്ച്‌ പ്രധാനമന്ത്രി മൻ കി ബാത്ത് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.

മണിപ്പൂരില്‍ കേന്ദ്രത്തിന്‍റെ ഇടപെടല്‍ ഫലപ്രദമല്ലെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തിയ ജയ്റാം രമേശ്,കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി സാഹചര്യം വിലയിരുത്തി കാര്യങ്ങള്‍ രാഷ്ട്രപതിയെ ധരിപ്പിച്ചെന്നും അറിയിച്ചിരുന്നു.

അതേസമയം,മണിപ്പൂരില്‍ കലാപം തുടരുകയാണ്.കേന്ദ്രമന്ത്രിയുടേതടക്കം രണ്ട് വീടുകള്‍ക്ക് തീയിട്ടു.ഇംഫാലിലെ നുചെക്കോണ്‍ പ്രദേശത്ത് അക്രമങ്ങള്‍ തടയാൻ സുരക്ഷാ സേന എത്തിയപ്പോള്‍ സ്ത്രീകള്‍ അടങ്ങുന്ന സംഘം സേനയുമായി ഏറ്റുമുട്ടി.സ്ത്രീയും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.ദ്രുതകര്‍മ സേനയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ബലപ്രയോഗം നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here