കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല ; പമ്പ് ജീവനക്കാരനെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു

0

മുക്കം : കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ലെന്നാരോപിച്ച്‌ പെട്രോള്‍ പമ്പ് ജീവനക്കാരനെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി.മുക്കം നഗരസഭയിലെ മണാശ്ശേരി ഇന്ത്യൻ ഓയില്‍ പമ്പില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി ജീവനക്കാരനെ ആക്രമിച്ചത്.

ആക്രമണത്തില്‍ ജീവനക്കാരനായ ബിജുവിന് തലക്കും കാലിനും പരിക്കേറ്റു.അക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ളവ സഹിതം പെട്രോള്‍ പമ്പ് ഉടമ അശോകൻ മുക്കം പൊലീസില്‍ പരാതി നല്‍കി.ജീവനക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗിലെ പണവും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു.

പെട്രോള്‍ പമ്പുകളില്‍ സംസ്ഥാന വ്യാപകമായി നിരന്തരം ഇത്തരത്തില്‍ ആക്രമണം നടക്കുകയാണെന്നും കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ വലിയ ദുരന്തമാണ് ഒഴിവായതെന്നും പെട്രോള്‍ പമ്പുകള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ ആക്രമണത്തിനെതിരെ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും പെട്രോള്‍ പമ്പ് ഉടമകള്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി മുക്കം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ കെ.സുമിത്ത്കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here