ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

0

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെയും അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ നൂറ് കോടി രൂപ വാഗ്ദാനം നല്‍കിയെന്ന് കര്‍ണാടകയിലെ അറസ്റ്റിലായ ബിജെപി നേതാവ് ദേവരാജ ഗൗഡ. ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ പൊലീസ് വാഹനത്തില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് അഡ്വാന്‍സായി അഞ്ച് കോടി രൂപ ശിവകുമാര്‍ അയച്ചതായും ദേവരാജ ഗൗഡ പറഞ്ഞു.

വാഗ്ദാനം നിരസിച്ചതിന് ശേഷം, തനിക്കെതിരെ കേസ് എടുക്കുകയും തന്നെ അറസ്റ്റ് ചെയ്യുകയമായിരുന്നെന്ന് ദേവരാജ പറഞ്ഞു. പുറത്തിറങ്ങിയാല്‍ താന്‍ ശിവകുമാറിനെ തുറന്നുകാട്ടുമെന്നും കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയുടെ സെക്സ് വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ പ്രചരിപ്പിച്ചത് എച്ച്ഡി കുമാരസ്വാമിയാണെന്ന് പറയാന്‍ തന്നോട് ശിവകുമാര്‍ അവശ്യപ്പെട്ടതായും ദേവരാജ ഗൗഡ പറഞ്ഞു. എന്നാല്‍ പ്രജ്വല്‍ രേവണ്ണയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാര്‍ത്തിക് ഗൗഡയില്‍ നിന്ന് പെന്‍ഡ്രൈവ് വാങ്ങിയത് ഡികെ ശിവകുമാറാണെന്നും ദേവരാജഗൗഡ കൂട്ടിച്ചേര്‍ത്തു.ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് മോദിയുടെ പേര് പരാമര്‍ശിക്കാനാണ് തനിക്ക് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തത്. കുമാരസ്വാമിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശിവകുമാറിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

മോദിക്കും കുമാരസ്വാമിക്കും ബിജെപിക്കുമെതിരെ അപകീര്‍ത്തി വരുത്താന്‍ അവര്‍ വലിയ പദ്ധതിയായിരുന്നു ഒരക്കിയത്. തനിക്ക് 100 കോടി വാഗ്ദാനം ചെയ്യുകയും ബൗറിംഗ് ക്ലബ്ബിലെ റൂം നമ്പര്‍ 110ലേക്ക് 5 കോടി രൂപ അഡ്വാന്‍സ് ആയി അയക്കുകയും ചെയ്തു. ചന്നരായപട്ടണത്തെ ഒരു പ്രാദേശിക നേതാവായ ഗോപാലസ്വാമിയെയാണ് ഇടപാട് ചര്‍ച്ച ചെയ്യാന്‍ അയച്ചതെന്നും ദേവരാജ ഗൗഡ പറഞ്ഞു.

ശിവകുമാറിന്റെ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡിങ് തന്റെ പക്കലുണ്ട്. താന്‍ അത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും തെളിവുകള്‍ സിബിഐക്ക് കൈമാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here