‘ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല’; ആസിഫ് അലി പറയുന്നു

0

യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരിലൊരാളാണ് ആസിഫ് അലി. കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് പൊലീസ് കഥാപാത്രമായെത്തുന്ന ചിത്രമാണ് തലവൻ. ആസിഫിനൊപ്പം ബിജു മേനോനും പ്രധാന വേഷത്തിലുന്നുണ്ട്. ആസിഫ് – ബിജു കോമ്പോ കാണാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

നായക കഥാപാത്രങ്ങൾ പോലെ തന്നെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മടിയില്ലാത്ത ചുരുക്കം ചില നടൻമാരിലൊരാളാണ് ആസിഫ് അലി. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് പറയുകയാണ് ആസിഫ്. തലവന്റെ അണിയറപ്രവർത്തകർ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ആസിഫ് ഇക്കാര്യം പറഞ്ഞത്.

“ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല. ഉയരെ, ഓർഡിനറി തുടങ്ങിയ സിനിമകളിൽ ചെയ്തതു പോലെ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുന്നതിലെനിക്ക് സന്തോഷമേയുള്ളൂ. അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പിന്നീട് വരുന്ന എന്റെ സിനിമയിലെ കഥാപാത്രങ്ങളേക്കുറിച്ച് പ്രേക്ഷകർക്ക് ഒരു മുൻധാരണയുണ്ടാകില്ല.

മാത്രമല്ല അപ്പോൾ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ പറ്റും. ചിലപ്പോൾ ചതിച്ചേക്കാം ചിലപ്പോൾ ഇവൻ നന്നായേക്കാം എന്ന ഒരു തോന്നൽ ഇത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ കിട്ടും. ഇനിയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യമുണ്ട്”- ആസിഫ് പറഞ്ഞു.

ബിജു മേനോനൊപ്പമുള്ള അനുഭവങ്ങളും ആസിഫ് പങ്കുവച്ചു. ബിജു ചേട്ടൻ തനിക്ക് തരുന്ന സ്വാതന്ത്ര്യമാണ് അദ്ദേഹത്തിനൊപ്പമുള്ള സിനിമകൾ ശ്രദ്ധിക്കപ്പെടാൻ കാരണമെന്ന് താരം പറയുന്നു.

“ബിജു ചേട്ടന്റെ കൂടെ ഞാൻ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓർഡിനറിയായാലും അനുരാഗ കരിക്കിൻവെള്ളമായാലും അങ്ങനെയാണ്. ബിജു ചേട്ടനുമായുള്ള കെമിസ്ട്രി അല്ലെങ്കിൽ അദ്ദേഹമെനിക്ക് തരുന്ന സ്വാതന്ത്ര്യം ഒക്കെ കൊണ്ടായിരിക്കും ആ കഥാപാത്രങ്ങൾ ഹൈലൈറ്റ് ചെയ്ത് നിൽക്കുന്നത്”.

“അനുരാഗ കരിക്കിൻവെള്ളത്തിലെ കഥാപാത്രങ്ങൾ ഞങ്ങൾക്ക് രണ്ട് പേർക്കും പേഴ്സ്ണലി ഇഷ്ടമുള്ളതാണ്. തലവന്റെ ട്രെയ്‌ലറിൽ, നിങ്ങളെ കണ്ടിട്ട് ഇരട്ടപെറ്റതാണെന്ന് തോന്നുന്നു എന്ന് പറയുന്നപോലെ ഒരു ബന്ധം ഞങ്ങൾ തമ്മിലുണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്” ആസിഫ് കൂട്ടിച്ചേർത്തു.ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 24 നാണ് തിയറ്ററുകളിലെത്തുക. കാർത്തിക് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആസിഫെത്തുന്നത്. ഇതിനു മുൻപ് നിരവധി സിനിമകളിൽ ആസിഫും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവൽക്രോസ് എന്ന ചിത്രവും ആസിഫിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here