തുടര്‍ഭരണം ലൈസന്‍സാക്കി; ചോദ്യം ചെയ്യാന്‍ ഒരാള്‍ അവശേഷിക്കുന്നു: വി.ഡി. സതീശന്‍

0


തൃശൂര്‍: തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സ് ആകുന്നതാണ് ഇന്ന് നാട് കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങള്‍ ‘ഇനി അത്ര പെട്ടെന്നാരും ഉറങ്ങാമെന്ന് കരുതേണ്ട’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ഭരണത്തിന്റെ ആനുകൂല്യത്തില്‍ ഇവരെ മന്ത്രിസഭായോഗത്തിലോ പാര്‍ട്ടി മീറ്റിങ്ങുകളിലോ ആരും ചോദ്യംചെയ്യില്ല. സ്വേച്ഛാധിപതികളായ അധികാരികള്‍ എന്ത് വിഡ്ഢിത്തരം പറഞ്ഞാലും തലകുലുക്കി ചിരിച്ചു അംഗീകരിക്കുക എന്നത് ഇവരുടെ സ്വഭാവമാണ്. കെട്ട കാലത്തു ഭരണത്തിന്റെ ശരികേടുകളെ ചോദ്യംചെയ്യാന്‍ തയാറുള്ള ഒരാളെങ്കിലും അവശേഷിക്കുന്നു എന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേകതയെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പോലും ലംഘിച്ചാണ് രാഹുല്‍ ഗാന്ധിയെ ഒരേ വിഷയത്തില്‍ പല കോടതികളിലും വിചാരണ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര നിരൂപകന്‍ ഐ. ഷണ്‍മുഖദാസ് പുസ്തകം ഏറ്റുവാങ്ങി. പാഠശാലയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ അക്കാദമി െവെലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. കെ. അരവിന്ദാക്ഷന്‍, എം.പി. സുരേന്ദ്രന്‍, വിനോദ് ചന്ദ്രന്‍, ജോസ് വള്ളൂര്‍, ഐ. ഗോപിനാഥ്, ജോമി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകനായ പി.എസ്. മനോജ്കുമാറാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ തെരഞ്ഞെടുത്തു പരിഭാഷപ്പെടുത്തിയത്.

Leave a Reply