എലത്തൂർ ട്രെയിൻ തീവെപ്പുകേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു

0

എലത്തൂർ ട്രെയിൻ തീവെപ്പുകേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഏറ്റെടുക്കാൻ നിർദേശിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംഭവത്തിൽ തീവ്രവാദ ബന്ധം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസ് എൻഐഎ ഏറ്റെടുത്തിരിക്കുന്നത്. ഷാരൂഖ് സെയ്ഫി സാക്കിർ നായിക്കിന്റെ ആരാധകനാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെയാണ് അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്.

എൻഐഎ കൊച്ചി യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതുകൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യു എ പി എ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ വലിയ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാന ചോദ്യം. കേസന്വേഷണത്തിന്റെ തുടക്കം മുതൽ എൻഐഎ സംഘം ഇതിൽ സഹായിക്കുന്നുണ്ടായിരുന്നു. ഷഹീൻബാഗ് മുതൽ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികൾ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജൻസി സംശയിക്കുന്നുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട അന്വേഷണം നടക്കും.

പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. തീവെപ്പിന് പിന്നാലെ തന്നെ എൻഐഎ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത്, ട്രെയിൻ അട്ടിമറിയും കൂട്ടക്കൊലപാതകവുമെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതുസംബന്ധിച്ച വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ മറ്റു രണ്ടു കോച്ചുകളിൽ നിരീക്ഷണം നടത്തിയശേഷമാണ് ഷാരൂഖ് ഡി-1 കോച്ചിൽ എത്തിയത്. തുടർന്ന് ഇതിലും ഏറെനേരം നിരീക്ഷിച്ച് അവിടെത്തന്നെ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ കസ്റ്റഡികാലാവധി അവസാനിച്ച ഷാരൂഖ് സെയ്ഫിയെ കോടതി റിമാൻഡ് ചെയ്തു. ഷാരൂഖിനെ വിയ്യൂർ ജയിലിലേക്ക് മാറ്റും.

എൻഐഎ കേസ് ഏറ്റെടുക്കുമെന്ന സൂചന നേരത്തേ തന്നെയുണ്ടായിരുന്നു. പ്രത്യേകിച്ചൊരു പ്രകോപനവും ഇല്ലാതെയുള്ള ആക്രമണം തീവ്രവാദ സ്വഭാവമുള്ളതാണെന്ന വിലയിരുത്തലായിരുന്നു. പ്രതി പൊലീസ് അന്വേഷണത്തോടും ചോദ്യങ്ങളോടും നിസഹകരിച്ചിരുന്നു. പ്രതിക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നടക്കം ഏറെ കാര്യങ്ങൾ ഇതിൽ ഇനിയും കണ്ടെത്തേണ്ടതുണ്ട്

Leave a Reply