ഉത്തർ പ്രദേശിൽ നിക്ഷേപങ്ങൾ നടത്താനും പുതിയ വ്യവസായങ്ങൾ കെട്ടിപ്പടുക്കാനുമുള്ള ശരിയായ സമയമാണിതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0

ഉത്തർ പ്രദേശിൽ നിക്ഷേപങ്ങൾ നടത്താനും പുതിയ വ്യവസായങ്ങൾ കെട്ടിപ്പടുക്കാനുമുള്ള ശരിയായ സമയമാണിതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മാഫിയകൾക്കും കുറ്റവാളികൾക്കും സംസ്ഥാനത്തെ വ്യവസായികളെ ഫോണിൽ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും യോഗി ആദിത്യനാഥ്.

അഖിലേഷ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 700ലേറെ കലാപങ്ങളുണ്ടായപ്പോൾ 2017- 23 കാലത്ത് ഒരു കലാപം പോലും ഉണ്ടായില്ലെന്നും നിരോധനാജ്ഞ ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതാണ് സംസ്ഥാനത്ത് നിക്ഷേപങ്ങൾ നടത്താനും പുതിയ വ്യവസായങ്ങൾ കെട്ടിപ്പടുക്കാനുമുള്ള ശരിയായ സമയമെന്നും യോഗി പറഞ്ഞു.

ലഖ്നൗ, ഹർദോയി ജില്ലകളിൽ ടെക്സ്റ്റൈൽ പാർക്കുകൾ നിർമ്മിക്കുന്നതിനുള്ള ധാരണാപത്രങ്ങൾ ഒപ്പുവെക്കുന്ന ചടങ്ങിലായിരുന്നു യോഗിയുടെ പ്രഖ്യാപനം. പി.എം. മിത്ര പദ്ധതി പ്രകാരമാണ് ഇരു ജില്ലകളിലും ടെക്സ്‌റ്റൈൽ പാർക്കുകൾ നിർമ്മിക്കുന്നത്.

പൊലീസ് കസ്റ്റഡിയിലിരിക്കെ മുൻ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് മരിച്ചതിന്റെ വിവാദങ്ങൾ അവസാനിക്കും മുമ്പാണ് യോഗിയുടെ പ്രസ്താവന. സംഭവത്തിൽ സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് കടുത്ത വിമർശനമാണ് ഉയരുന്നത്.

പൊലീസ് വലയം മറികടന്ന് ഒരാൾ കൊല്ലപ്പെടുന്നുണ്ടെങ്കിൽ സംസ്ഥാനത്തെ സാധാരണക്കാരുടെ അവസ്ഥയെന്താകുമെന്ന് ചിന്തിക്കാൻ കഴിയുന്ന കാര്യമാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here