ഞാൻ എൻസിപിയിൽ തന്നെ; ഈ പാർട്ടിയിൽ തുടരുകയും ചെയ്യും: എന്നെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഒരുസത്യവുമില്ല; പാർട്ടി പറയും പോലെ ഞാൻ പ്രവർത്തിക്കും: അജിത് പവാർ

0

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി കസേരയിൽ കണ്ണുനട്ട് അജിത് പവാർ കരുനീക്കങ്ങൾ നടത്തുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ, എല്ലാം നിഷേധിച്ച് എൻസിപി നേതാവ് രംഗത്തെത്തി. ‘ ഞാൻ എൻസിപിയിൽ തന്നെയാണ്. ഈ പാർട്ടിയിൽ തുടരുകയും ചെയ്യും. എന്നെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ഒരുസത്യവുമില്ല. പാർട്ടി പറയും പോലെ ഞാൻ പ്രവർത്തിക്കും’ അജിത് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഒരു എൻസിപി എംഎൽഎയുടെയും ഒപ്പുശേഖരണം താൻ നടത്തിയിട്ടില്ലെന്നും, തന്നെ കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമമുണ്ടെന്നും അജിത് പവാർ പറഞ്ഞു. ശരദ് പവാർ സംഘടിപ്പിക്കുന്ന ഇഫ്താർ പാർട്ടിയിൽ അജിത് പവാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അജിത് പവാർ എൻസിപി വിടുമെന്നും ബിജെപിയിൽ ചേരുമെന്നും ഉള്ള വാർത്തകൾ പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ നിഷേധിച്ചിരുന്നു. അജിത് പവാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. അഭ്യൂഹങ്ങൾ എല്ലാം മാധ്യമങ്ങളിലെ ചർച്ചകൾ മാത്രമാണ്, ശരദ് പവാർ പറഞ്ഞു. ആരും എൻസിപി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും പാർട്ടി പിളരില്ലെന്നും പവാർ വ്യക്തമാക്കി.

പൂണെയിൽ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയിൽ നിന്ന് അജിത് പവാർ വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെയാണ് പാർട്ടി വിടുകയാണെന്ന അഭ്യൂഹം പരന്നത്. ബിജെപി. സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയും മുൻ അധ്യക്ഷനും മന്ത്രിയുമായ ചന്ദ്രകാന്ത്പാട്ടീലും തിരക്കിട്ട ചർച്ചകൾക്കായി ഡൽഹിയിലേക്ക് പോയതും അഭ്യൂഹങ്ങൾക്ക് ചൂടുകൂട്ടി. ജപ്പാൻ സന്ദർശനം ചുരുക്കി സ്പീക്കർ രാഹുൽ നർവേക്കർ മുംബൈയിൽ തിരിച്ചെത്തിയതും ചർച്ചയായി. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ നടത്തിയ പ്രസ്താവന ഏറെ ചർച്ചയായി. 15 ദിവസത്തിനുള്ളിൽ ഡൽഹിയിലും മഹാരാഷ്ട്രയിലും രണ്ട് വമ്പൻ രാഷ്ട്രീയ സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് സുപ്രിയ പറഞ്ഞു. ഇപ്പോൾ നല്ല വെയിലാണ്, പക്ഷേ 15 മിനിറ്റിനകം മഴ പെയ്യുമോ എന്ന് എനിക്ക് പ്രവചിക്കാനാവില്ല എന്നും സുപ്രിയ പറഞ്ഞിരുന്നു.

ബിജെപിക്കൊപ്പം പോകാൻ അജിത് പവാർ എൻസിപി എംഎൽഎമാരുമായി ചർച്ച തുടങ്ങിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 52 എംഎൽഎമാരിൽ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നും വാർത്തകൾ വന്നു. 15 എംഎ‍ൽഎ. മാരോടൊപ്പം അജിത്പവാർ ബിജെപി. പക്ഷത്തേക്ക് മാറിയേക്കുമെന്നും വാർത്ത പ്രചരിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയോടൊപ്പം ശിവസേനയിൽ വിമത പ്രവർത്തനം നടത്തിയ 16 എംഎ‍ൽഎ. മാരെ സുപ്രീംകോടതി അയോഗ്യരാക്കിയാൽ ബദൽ എന്നനിലയിൽ അജിത്പവാറിനേയും കൂടെയുള്ള എംഎ‍ൽഎ. മാരേയും ബിജെപി. ഒരുക്കി നിർത്തിയിരിക്കുന്നുവെന്നാണ് അഭ്യൂഹം.

Leave a Reply