ദുബായിയിൽ ഡ്രൈവറില്ലാത്ത ടാക്സികൾ യഥാർത്ഥ്യമാകുന്നു : പദ്ധതി അവസാനഘട്ടത്തിലേക്ക്

0

വൈശാഖ് നെടുമല

ദുബായ് : ദുബായ് എമിറേറ്റിൽ ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികൾ ഉപയോഗിച്ച് യാത്രാസേവനം നൽകുന്ന പദ്ധതി അവസാനഘട്ടത്തിലേക്ക്. ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ പരീക്ഷണം പുരോഗമിക്കുന്നതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. സെൽഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ക്രൂയിസ് എന്ന പേരിലുള്ള ഒരു സ്ഥാപനവുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി, ദുബായിലെ സിഗ്നലുകളിൽ ഇത്തരം വാഹനങ്ങൾ പ്രവർത്തിക്കുന്നത് പരീക്ഷിക്കുന്നതിനും, മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് രീതികൾ വിശകലനം ചെയ്യുന്നതിനും, മറ്റു വിവരങ്ങൾ ശേഖരിക്കുന്നതിനും ലക്ഷ്യമിട്ട് ആർ റ്റിഎയും, ക്രൂയിസും ചേർന്ന് ജുമൈറ 1 മേഖലയിൽ അഞ്ച് ‘ഷെവി ബോൾട്ട്’ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്ന ഈ അഞ്ച് സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള റഡാറുകൾ, ലിഡാറുകൾ (ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ്ങ് സെൻസർ), ക്യാമറകൾ എന്നിവ ഉപയോഗിച്ചാണ് വാഹനത്തിന്റെ 360-ഡിഗ്രി മേഖലയിലുള്ള വിവരങ്ങളും, ദൃശ്യങ്ങളും ശേഖരിക്കുന്നത്.

ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിനും, ട്രാഫിക് അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനും, അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്ന വാതകങ്ങളുടെ പ്രസാരണം കുറയ്ക്കുന്നതിനും ഇതിലൂടെ ആർ റ്റിഎ ലക്ഷ്യമിടുന്നു. 2030-ഓടെ ദുബായിൽ ടാക്സി സേവനങ്ങൾക്കായി നാലായിരത്തോളം സ്വയം സഞ്ചരിക്കുന്ന വാഹനങ്ങൾ ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.

Leave a Reply