വ്യാപക ക്രമക്കേട് നടത്തിയ സിപിഐ നേതാവിന്റെ റേഷൻ കടയ്ക്കെതിരെ നടപടി എടുത്ത താലൂക്ക് സപ്ലൈഓഫീസറെ ദിവസങ്ങൾക്കകം വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധം ശക്തം

0

വ്യാപക ക്രമക്കേട് നടത്തിയ സിപിഐ നേതാവിന്റെ റേഷൻ കടയ്ക്കെതിരെ നടപടി എടുത്ത താലൂക്ക് സപ്ലൈഓഫീസറെ ദിവസങ്ങൾക്കകം വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധം ശക്തം. കൂന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ സുജാ ഡാനിയേലിനെയാണ് പ്രതികാര നടപടിയെന്നോണം സ്ഥലംമാറ്റിയത്.

ഈ മാസം 13നാണ് പോരുവഴി പഞ്ചായത്തിൽ സിപിഐ നേതാവ് രാഘവൻപിള്ള(പ്രിയൻകുമാർ) നടത്തുന്ന റേഷൻ കട നിരന്തര പരാതികളുടെ അടിസ്ഥാനത്തിൽ സസ്‌പെൻഡു ചെയ്തത്. സിപിഐ സംഘടനയായ കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസഥാന ജനറൽ സെക്രട്ടറിയായ പ്രിയൻകുമാർ കൃത്യമായി ഉപഭോക്താക്കൾക്ക് റേഷൻ വിതരണം നടത്തുന്നില്ലാ എന്നും മിക്ക ദിവസങ്ങളിലും കട അടച്ചിട്ടിരിക്കുകയാണെന്നും പരാതിയുയർന്നിരുന്നു.

ഇതിനെ തുടർന്ന് ഉന്നത തലത്തിൽ നിന്നും നിർദ്ദേശം ലഭിച്ചതോടെയാണ് സപ്ലൈഓഫീസറും സംഘവും പരിശോധന നടത്തിയത്. പരിശോധനയിൽ വൻക്രമക്കേടാണ് കണ്ടെത്തിയത്. 21.5 ക്വിന്റൽ ധാന്യത്തിന്റെ വ്യത്യാസമാണ് കണ്ടത്. തുടർന്ന് റേഷൻ കടയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വയ്ക്കാൻ ഉത്തരവിറക്കിയത്. ഉത്തരവ് വന്നതിന് പിന്നാലെ ജില്ലാ റേഷൻ ഓഫീസർ ഉദ്യോഗസ്ഥയോട് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു. മന്ത്രി ജിആർഅനിലിനെ കണ്ട് വിവരങ്ങൾ ബോധിപ്പിച്ചതിന് പിന്നാലെയാണ് സുജാ ഡാനിയേലിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്.

മാർച്ച് 9 ന് റേഷൻ കട അടച്ചിട്ടിരിക്കുന്നു എന്ന പരാതി സപ്ലൈഓഫീസിൽ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റേഷനിങ് ഇൻസ്പെക്ടർ പരിശോധനയ്ക്കെത്തിയപ്പോൾ കട അടച്ചിട്ടിരിക്കുന്നതായി ബോധ്യപ്പെട്ടു. തുടർന്ന് ലൈസൻസി പ്രിയൻ കുമാറിനെ ഫോണിൽ വിളിച്ചപ്പോൾ ഭാര്യക്ക് സുഖമില്ലാത്തതുകൊണ്ടാണ് അടച്ചിരിക്കുന്നതെന്നായിരുന്നു മറുപടി.

പിന്നീട് രണ്ടു ദിവസവും ഇത്തരത്തിൽ കട അടച്ചിട്ടിരുന്നതിനെതുടർന്ന് ജില്ലാ ഫുഡ് കമ്മീഷണർക്ക് പരാതി ലഭിക്കുകയും അവിടെ നിന്നുമുള്ള പ്രത്യേക സംഘം കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിങ് ഇൻസ്പെക്ടറെയും ക്ലാർക്കിനെയും കൂട്ടി പരിശോധന നടത്താനെത്തി. പരിശോധനയിൽ അരി. ഗോതമ്പ്, ആട്ട ഉൾപ്പെടെ 16.5 കിന്റൽ ധാന്യങ്ങൾ കുറവുള്ളതായി കണ്ടെത്തി. ഇതോടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഫുഡ് കമ്മീഷൻ താലൂക്ക് സപ്ലൈഓഫീസർക്ക് നിർദ്ദേശം നൽകി.

ഫുഡ് കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ കടയിലെത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് തഹസിൽദാർക്ക് കത്തുകൊടുത്തശേഷം ഡെപ്യൂട്ടി തഹസിൽദാരുടെയും പൊലീസിന്റെ സാന്നിധ്യത്തിൽ പൂട്ടു തകർത്ത് അകത്ത് കയറിപരിശോധന നടത്തി. ഈ പരിശോധനയിൽ വീണ്ടും 5 കിന്റൽ ധാന്യങ്ങൾ കുറവുള്ളതായി കണ്ടെത്തി. പിന്നീട് കട സസ്പെന്റ് ചെയ്തതായി കാണിച്ചു കൊണ്ടുള്ള നോട്ടീസ് പതിപ്പിച്ചു.

റേഷൻ കടയുടെ പ്രവർത്തനം സസ്പെന്റ് ചെയ്തതോടെ ഉണ്ടായിരുന്ന സ്റ്റോക്ക് മുഴുവൻ അടുത്തു തന്നെയുള്ള രണ്ട് കടമുറി വാടകയ്ക്കെടുത്ത് അവിടെ സബി ഡിപ്പോ എന്ന രീതിയിൽ സൂക്ഷിച്ചു. സമീപ പ്രദേശത്തുള്ള രണ്ട് റേഷൻ കടയിലേക്ക് ഇവിടെയുണ്ടായിരുന്ന റേഷൻ ഉപഭോക്താക്കളെ മാറ്റുകയും ചെയ്തു. ഇതിനിടെയാണ് താലൂക്ക് സപ്ലൈ ഓഫീസറെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.

മുമ്പും ഇതേ നേതാവിന്റെ റേഷൻകടയിൽക്രമക്കേട് പിടിച്ച് ഉദ്യോഗസ്ഥർ സ്ഥലംമാറ്റം വാങ്ങിയിട്ടുണ്ട്. 2003,2008 വർഷങ്ങളിൽ കടയ്ക്കെതിരെ നടപടി വന്നു. 2012ൽ കട ക്യാൻസൽ ചെയ്തു ഇത് 2017ൽ അനുഭാവപൂർവം തിരികെ നൽകിയതാണ്. ക്രമക്കേട് കാട്ടിയതിന്റെ പിഴയായ 1,46,000 രൂപ 5 ഗഡുക്കളായി അടയ്ക്കാനും സർക്കാർ സഹായം ചെയ്തു കൊടുത്തു. ഇങ്ങനെയൊരു സമ്പ്രദായംനലവില്ലാത്തപ്പോഴാണ് നേതാവിനെ ഇത്തരത്തിൽ ഒരു വഴിവിട്ട സഹായം ചെയ്തു കൊടുത്തത്. നിരവധി തവണം ക്രമക്കേട് കാട്ടിയതിന് പിടിവീണ നേതാവിന് വീണ്ടും റേഷൻ കട നടത്താൻ അനുമതി കൊടുത്തത് പാർട്ടിയിലെ ഉന്നത ബന്ധങ്ങളാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ക്രമക്കേടുകൾ കാണിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് നിരന്തരം മീറ്റിങ്ങുകളിൽ പറയുന്ന സിവിൽ സപ്ലൈസ് കമ്മീഷ്ണറാണ് ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള നടപടി ക്രമങ്ങളിൽ ഒപ്പു വച്ചിരിക്കുന്നത്.

Leave a Reply