വിവാദമായ പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുൺ കുമാറിന് വധശിക്ഷ

0

വിവാദമായ പഴയിടം ഇരട്ടക്കൊല കേസിൽ പ്രതി അരുൺ കുമാറിന് വധശിക്ഷ. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. സംരക്ഷിക്കേണ്ട ആൾ തന്നെ ക്രൂരമായ കൊല നടത്തിയെന്ന് കോടതിയുടെ നിരീക്ഷിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ആണ് വിധി പുറപ്പെടുവിച്ചത്. 2013 ഓഗസ്റ്റ് 28നു രാത്രിയിലാണ് പഴയിടം തീമ്പനാൽ വീട്ടിൽ തങ്കമ്മയെയും ഭർത്താവ് ഭാസ്‌കരൻനായരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമ്മയ്ക്ക് 68 ഉം ഭാസ്‌കരൻ നായർക്ക് 71 ഉം വയസായിരുന്നു പ്രായം. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റായിരുന്നു ഇരുവരുടെയും മരണം .

കൊല്ലപ്പെട്ട തങ്കമ്മയുടെ ബന്ധുവായിരുന്ന അരുൺ ശശിയാണ്(അരുൺ കുമാർ) കൊലപാതകം നടത്തിയതെന്ന് ഒരു മാസത്തിനു ശേഷമാണ് പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരചടങ്ങുകൾക്കും കേസ് അന്വേഷണത്തിന്റെ ആക്ഷൻ കൗൺസിൽ രൂപീകരണത്തിനുമെല്ലാം മുന്നിൽ നിന്നത് അരുൺ ശശിയായിരുന്നു. അതിനാൽ അരുണിനെ ആദ്യം സംശയിച്ചിരുന്നില്ല. പിന്നീട് മറ്റൊരു മാല മോഷണ കേസിൽ അറസ്റ്റിലായ അരുണിനെ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു കൊലപാതകം എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ അരുൺശശിയെ മൂന്നൂവർഷത്തിനു ശേഷം ചെന്നൈയിൽ നിന്നാണ് പിടികൂടിയത്. കോടതി റിമാന്റ് ചെയ്ത ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല. കൊലപാതകത്തിനു പുറമേ അരുണിനു മേൽ ചുമത്തിയ മോഷണവും ഭവനഭേദനവും നിലനിൽക്കുമെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജെ നാസർ വിധിച്ചു. 10 വർഷങ്ങൾക്കപ്പുറം 2013 ഓഗസ്റ്റ് 28ന് രാത്രിയാണ് മനഃസാക്ഷിയെ നടുക്കിയ കൊലപാതകം നടക്കുന്നത്. 29ന് രാവിലെ തീമ്പനാൽ വീട്ടിൽ വയോധിക ദമ്പതിമാരുടെ കൊലപാതക വാർത്ത കേട്ടാണ് പഴയിടം ഗ്രാമം ഉണർന്നത്. തങ്കമ്മയുടെ സഹോദരപുത്രനായ അരുൺ ശശിയെക്കുറിച്ച് ആർക്കും സംശയമുണ്ടായിരുന്നില്ല.

കൊലപാതകം നടന്ന വീട്ടിലും പരിസരത്തുമെല്ലാം തെളിവെടുപ്പിനും മറ്റും പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാൻ മുന്നോട്ടുവന്നത് അരുൺ ശശിയായിരുന്നു. ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യവുമായി മുന്നിൽനിന്നതും അരുൺ തന്നെ. പിന്നീട് ഒരുമാസത്തിന് ശേഷം കോട്ടയത്ത് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ അരുൺ ശശി പിടിയിലായതോടെയാണ് പഴയിടംം ഇരട്ടക്കൊലപാതക കേസിൽ വഴിത്തിരിവ് ഉണ്ടായത്.

അരുൺ ആദ്യം പലവഴികളിലൂടെ സംശയങ്ങളെല്ലാം ദമ്പതികളുടെ പെൺമക്കളുടെ ഭർത്താക്കന്മാരിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചു. അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചൊക്കെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിലും അയാൾ വിജയിച്ചു. ആദ്യം പൊലീസും ആ വഴി അന്വേഷണം നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡ് അന്വേഷണത്തിലും കാര്യമായ തെളിവൊന്നും കിട്ടാതിരുന്നതിനാൽ അരുണിനെ സംശയിച്ചതുമില്ല.

കൊലപാതകശേഷം മുറികളിലാകെ മുളകുപൊടിയും മഞ്ഞൾപ്പൊടിയും വിതറി തെളിവുകൾ നശിപ്പിച്ചിരുന്നു. പൊലീസ് നായ് വീടിനുള്ളിൽനിന്ന് മണംപിടിച്ച് തൊട്ടടുത്ത കവലവരെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ദമ്പതികളുടെ മരണാനന്തര ചടങ്ങുകൾക്കുശേഷം പെൺമക്കൾ അവരുടെ നാടുകളിലേക്ക് മടങ്ങിയതോടെ തീമ്പനാൽ വീട്ടിൽ താമസക്കാരില്ല. 10 വർഷമായി പരിചരണമില്ലാതെ അടഞ്ഞുകിടക്കുന്ന വീട് പ്രദേശവാസികൾക്കെല്ലാം ഇപ്പോഴും പേടിസ്വപ്നമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here