ജലസംരക്ഷണം വീടുകളിൽ നിന്ന് ആരംഭിക്കണമെന്നും ജനങ്ങൾ ഓരോരുത്തരും ജല അംബാസിഡർമാരായി മാറണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

0

ജലസംരക്ഷണം വീടുകളിൽ നിന്ന് ആരംഭിക്കണമെന്നും ജനങ്ങൾ ഓരോരുത്തരും ജല അംബാസിഡർമാരായി മാറണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ ജല ശുചിത്വമിഷനും ജൽജീവന്മിഷൻ പദ്ധതി നിർവഹണ സഹായ ഏജൻസികളും സംയുക്തമായി സംഘടിപ്പിച്ച ജലദിനാചരണം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജലത്തിന്റെ ലഭ്യത വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇന്ന് സുലഭമായി ലഭിക്കുന്ന ജലം നാളെ കിട്ടുമെന്നതിൽ ഉറപ്പില്ല. ജലത്തിനായി പരക്കം പായുന്ന ഒരു ജനത ഭാവിയിൽ ഉണ്ടാവാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി ഇപ്പോഴേ നാം മുൻകരുതൽ എടുക്കണം. ഓരോ വ്യക്തികളും ജലസംരക്ഷണത്തിന്റെ സന്ദേശവാഹകരായി മാറണമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ ജലദിന സന്ദേശം നൽകി. ജലം, പരിസ്ഥിതി മേഖലകളിൽ അനുവർത്തിക്കേണ്ട നല്ല ശീലങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും ത്വരിത പ്രയാണം എന്നുള്ളതാണ് ഈ വർഷത്തെ ജലദിനാചരണത്തിന്റെ ലക്ഷ്യം.

നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി പി.ശാരുതി മുഖ്യാതിഥിയായി. നിർവ്വഹണ സഹായ ഏജൻസി പ്ലാറ്റ് ഫോം ചെയർമാൻ തുളസീധരൻ പിള്ള മുഖ്യ പ്രഭാണം നടത്തി.

വാട്ടർ അഥോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ജില്ല ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറിയുമായ അരുൺ കുമാർ എ അധ്യക്ഷത വഹിച്ചു. നിർവ്വഹണ സഹായ ഏജൻസി പ്ലാറ്റ് ഫോം ചെയർപേഴ്സൺ അഡ്വ. ജാനകി പി, ഐ.എസ്.എ സ്റ്റേറ്റ് പ്ലാറ്റ്ഫോം വൈസ് ചെയർമാൻ പി.പി തോമസ്, ജനറൽ സെക്രട്ടറി ആന്റണി കുന്നത്ത്, ട്രഷറർ നിഷ.കെ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here