പനിയും ചുമയും പടരുന്നു , വില്ലന്‍ എച്ച്‌3എന്‍2

0


ന്യൂഡല്‍ഹി: രാജ്യത്ത്‌ പലയിടത്തും പനിയും ചുമയും ശ്വാസംമുട്ടലും മൂലം രോഗബാധിതര്‍ വര്‍ധിക്കുന്നതിനു കാരണം ഇന്‍ഫ്ലുവന്‍സ എ-യുടെ ഉപവിഭാഗമായ എച്ച്‌3എന്‍2 വൈറസാണെന്ന്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌(ഐ.സി.എം.ആര്‍). രോഗം ബാധിച്ചാല്‍ ഭേദമാകാന്‍ രണ്ടാഴ്‌ചയോളം സമയമെടുക്കുന്നതും രോഗം വ്യാപകമായി പടരുന്നതും ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ച സാഹചര്യത്തിലാണ്‌ ഐ.സി.എം.ആറിന്റെ വിശദീകരണം.
കഴിഞ്ഞ മൂന്നു മാസത്തോളമായി എച്ച്‌3എന്‍2 പടരുകയാണെന്നും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണു പ്രതീക്ഷ. കൂടുതല്‍ ആളുകളിലേക്കു രോഗം പടരുന്നുണ്ടെങ്കിലും ജീവഹാനിയുണ്ടാക്കില്ലെന്നും അതിനാല്‍ത്തന്നെ ആശങ്ക വേണ്ടെന്നും ഐ.സി.എം.ആറിലെ വിദഗ്‌ധര്‍ പറയുന്നു.
എച്ച്‌3എന്‍2 ബാധിതരില്‍ 92 ശതമാനം പേര്‍ക്കും പനിയും 86 ശതമാനം പേര്‍ക്ക്‌ ചുമയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 27 ശതമാനം പേര്‍ക്ക്‌ ശ്വാസതടസവും 16 % പേര്‍ക്ക്‌ രൂക്ഷമായ ശ്വാസംമുട്ടലും അനുഭവപ്പെട്ടതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു. വൈറസ്‌ ബാധിതരില്‍ 16% പേര്‍ക്ക്‌ ന്യൂമോണിയയും ആറു ശതമാനം പേര്‍ക്ക്‌ ചുഴലിയുമുണ്ടായി. മറ്റ്‌ ഇന്‍ഫ്ലുവന്‍സ ഉപവിഭാഗങ്ങളെ അപേക്ഷിച്ച്‌ എച്ച്‌3എന്‍2 വൈറസ്‌ബാധ കൂടുതല്‍ ആശുപത്രിവാസത്തിന്‌ കാരണമാകുമെന്ന്‌ ഐ.സി.എം.ആറിലെ വിദഗ്‌ധര്‍ വ്യക്‌തമാക്കുന്നു.
“രോഗലക്ഷണങ്ങള്‍ കൂടുതല്‍ ശക്‌തമാണെന്നും അണുബാധ ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുന്നതായും സിദ്ധ്‌ ആശുപത്രിയിലെ ഡോ. അനുരാഗ്‌ മെഹ്‌റോത്ര പറഞ്ഞു. സുഖം പ്രാപിച്ച ശേഷവും ആളുകളില്‍ രോഗലക്ഷണങ്ങള്‍ വളരെക്കാലം നിലനില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്‍ഫ്ലുവന്‍സയുടെ പുതിയ വകഭേദം ജീവന്‌ ഭീഷണിയല്ലെന്നുക്ല ിനിക്കല്‍ ട്രയല്‍ സ്‌പെഷലിസ്‌റ്റ്‌ ഡോ. അനിതാ രമേഷ്‌ ചൂണ്ടിക്കാട്ടി. “ഇത്‌ ജീവന്‌ ഭീഷണിയല്ല. എന്നാല്‍ എന്റെ ചില രോഗികള്‍ക്ക്‌ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം അഡ്‌മിറ്റ്‌ ചെയ്യേണ്ടിവന്നു. ചില ലക്ഷണങ്ങള്‍ കോവിഡിന്‌ സമാനമാണ്‌. എന്നാല്‍ എന്റെ എല്ലാ രോഗികളും കോവിഡ്‌ പരിശോധനയില്‍ നെഗറ്റീവ്‌ ആയിരുന്നു”- ഡോ. അനിത പറഞ്ഞു.
ഇപ്പോള്‍ പടരുന്നത്‌ പുതിയ വകഭേദമല്ലെന്നും 1968ല്‍ ഹോങ്കോങ്ങില്‍ വന്‍തോതില്‍ രോഗബാധയ്‌ക്കു കാരണമായത്‌ ഈ വൈറസ്‌ ആണെന്നും ആരോഗ്യ വിദഗ്‌ധര്‍ അറിയിച്ചു. ഓരോ വര്‍ഷവും ഇന്‍ഫ്ലുവന്‍സ വൈറസ്‌ ബാധിച്ചവരുടെ എണ്ണം ലോകവ്യാപകമായി 30-50 ലക്ഷം വരെയാണെന്ന്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ.) വ്യക്‌തമാക്കി. 2.9 ലക്ഷം മുതല്‍ 6.5 ലക്ഷം പേര്‍ വരെയാണ്‌ ഇന്‍ഫ്ലുവന്‍സ വൈറസ്‌ ബാധിച്ച്‌ ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിക്കുന്നതെന്നും ഡബ്ല്യു.എച്ച്‌.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാക്‌സിനുണ്ട്‌, ജനിതമാറ്റം ഭീഷണി
എച്ച്‌3എന്‍2 വൈറസിനു വാക്‌സിനുകള്‍ ലഭ്യമാണ്‌. എന്നാല്‍, ഓരോവര്‍ഷവും നേരിയ ജനിതമാറ്റം ഉണ്ടാകുന്നതാണു ഭീഷണി. 2002 മുതല്‍ 2007 വരെ ആറു രാജ്യങ്ങളില്‍നിന്നു ശേഖരിച്ച 13,000 സാമ്പിളുകളില്‍ ഇതു വ്യക്‌തമാണ്‌.
മൂന്ന്‌ ഇന്‍ഫ്ലുവന്‍സ വൈറസുകളാണു ലോകത്ത്‌ പ്രചരിച്ചിട്ടുള്ളത്‌. എച്ച്‌1എന്‍1, എച്ച്‌3എന്‍2, എച്ച്‌1എന്‍2 എന്നിവയാണവ. 1998 വരെ എച്ച്‌1എന്‍1 പന്നികളിലാണു കാണപ്പെട്ടിരുന്നത്‌. എന്നാല്‍, എച്ച്‌3എന്‍2 മനുഷ്യര്‍, പന്നികള്‍, പക്ഷികള്‍ എന്നിവയെ ബാധിച്ച ചരിത്രമുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here