വനംവകുപ്പ്‌ വാച്ചര്‍ കാവല്‍മാടത്തില്‍നിന്ന്‌ വീണു മരിച്ചനിലയില്‍

0


മറയൂര്‍: ചന്ദന ഡിവിഷനിലെ വണ്ണാന്തുറ ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ പരിധിയില്‍ വനം വകുപ്പ്‌ വാച്ചറെ മരിച്ച നിലയില്‍ കണ്ടെത്തി. കാന്തല്ലൂര്‍ പാമ്പന്‍പാറ പാക്കുപറമ്പില്‍ വീട്ടില്‍ ബാബുവിനെ(63)യാണ്‌ കാവല്‍മാടത്തിനു താഴെ വീണ്‌ രക്‌തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്‌. രാവിലെ എത്തിയ വനം വകുപ്പ്‌ വാച്ചര്‍മാരാണ്‌ മൃതദേഹം കണ്ടത്‌.
പതിനെട്ട്‌ വര്‍ഷമായി ചന്ദന സംരക്ഷണ ജോലികള്‍ ചെയ്യുന്നയാളാണ്‌ ബാബു. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെയാണ്‌ വാച്ചര്‍മാര്‍ ചന്ദനമരങ്ങള്‍ക്ക്‌ കാവല്‍ നില്‍ക്കുന്നത്‌. തിങ്കളാഴ്‌ച വൈകുന്നേരം ഫോറസ്‌റ്റ്‌ സ്‌റ്റേഷനില്‍നിന്നുള്ള നിര്‍ദേശ പ്രകാരം വണ്ണാന്തുറ സെന്റര്‍ ഭാഗത്തുള്ള ഏറുമാടത്തിന്റെ മുകളിലാണ്‌ ബാബു കാവലിനു പോയത്‌. ചന്ദനവനത്തില്‍ ആനയുടെയും കാട്ടുപോത്തിന്റെയും സാന്നിധ്യം ഉണ്ടായതിനെത്തുടര്‍ന്നാണ്‌ വലിയ മരത്തിനു മുകളില്‍ ഏറുമാടങ്ങള്‍ നിര്‍മിച്ച്‌ വനം വകുപ്പ്‌ വാച്ചര്‍മാരെ അവിടെ കാവല്‍ നിര്‍ത്തിയത്‌. അത്തരത്തില്‍ പണിത കാവല്‍പുരയുടെ താഴ്‌വശത്ത്‌ പാറയുള്ള ഭാഗമാണ്‌. അവിടെയാണ്‌ മൃതദേഹം കണ്ടത്‌. രാവിലെ എട്ടരയോടെയാണ്‌ മറ്റു വാച്ചര്‍മാര്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്‌. പിന്നീട്‌ വനപാലകരെ വിവരം അറിയിക്കുകയും മൃതദേഹം മറയൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച്‌ പോലീസിനെ വിവരം അറിയിക്കുകയും ചെയ്‌തു.
ഇന്‍ക്വിസ്‌റ്റ്‌ നടപടികള്‍ക്കു ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി. മരണകാരണം പോലീസ്‌ അന്വേഷിച്ചുവരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ഭാര്യ: ബീന. മക്കള്‍: കാവ്യ, കാര്‍ത്തിക.

LEAVE A REPLY

Please enter your comment!
Please enter your name here