ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്ത നടപടി വിവാദത്തിൽ

0

ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്ത നടപടി വിവാദത്തിൽ. പാസ്റ്റർ സന്തോഷ് ജോണും (55) ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് ഇവരെ യുപി പൊലീസ് അറസ്റ്റു ചെയ്തത്. ഗസ്സിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്രംഗ്ദൾ പ്രവർത്തകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരും ക്രിസ്തുമതം സ്വീകരിക്കാൻ ആളുകളെ പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നു.

എന്നാൽ ആരോപണം ജോണിന്റെ സഹായി മീനാക്ഷി സിങ് നിഷേധിച്ചു. ഞായറാഴ്ച ജോണും ഭാര്യയും സേവനപ്രവർത്തനങ്ങൾ നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ വന്നു പ്രശ്നം ഉണ്ടാക്കുകയും മതപരിവർത്തനം നടക്കുന്നതായി ആരോപണം ഉന്നയിക്കുകയുമായിരുന്നു എന്ന് മീനാക്ഷി സിങ് പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു നടപടിയെന്നും മീനാക്ഷി സിങ് ആരോപിച്ചു.

ഗസ്സിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ്. അറസ്റ്റിനെതിരെ ശശി തരൂർ എം പി രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാണക്കേടെന്ന് ട്വീറ്റ്. ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂർ ട്വീറ്റ് ചെയ്തു. ദമ്പതികൾ പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ആരോപണം.

2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ക്രിസ്തുമതം സ്വീകരിച്ചാൽ ഞങ്ങൾക്ക് 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാൻ 25 ചതുരശ്ര മീറ്റർ പ്ലോട്ടും ദമ്പതികൾ വാഗ്ദാനം ചെയ്‌തെന്ന് പരാതി നൽകിയവർ ആരോപിച്ചു.

കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും പരിപാലിക്കുമെന്ന് വാഗ്ദാനം ചെയ്‌തെന്നും പാവപ്പെട്ടവരെയും നിസ്സഹായരെയും ഇവർ ലക്ഷ്യം വെക്കുന്നതെന്നും ആരോപിച്ചു. 2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ജയിലിൽ കഴിയേണ്ടി വരും. ഇവരുടെ വീട്ടിൽ നിന്ന് ചില രേഖകളും ഫോണുകളും പിടിച്ചെടുത്തതായി ഡിസിപി ദീക്ഷ ശർമ പറഞ്ഞു.

1996 മുതൽ ഇയാൾ ഗസ്സിയാബാദിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നു. ഓപ്പറേഷൻ അഗാപെയുമായി ബന്ധപ്പെട്ട യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യ എന്ന മിഷനറി സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here