റോഡ് വികസനത്തിന്റെ പേരിൽ കോടതി ഉത്തരവ് മറികടന്ന് മതിൽ പൊളിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

0

റോഡ് വികസനത്തിന്റെ പേരിൽ കോടതി ഉത്തരവ് മറികടന്ന് മതിൽ പൊളിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കൂർക്കരയിലെ പി.രവീന്ദ്രൻ, മുതിയലം സ്വദേശികളായ എം.ശശി, എം.കെ.ഉണ്ണികൃഷ്ണൻ, കാനായി കാനത്തെ പി.ഗംഗാധരൻ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ കേണൽ പത്മനാഭന്റെ പരാതിയിലാണ് അറസ്റ്റ്.

പെരുമ്പ മുതൽ മണിയറവഴി മാതമംഗലംവരേയുള്ള നിലവിലുള്ള റോഡ് 12 മീറ്ററായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി നഷ്ടപരിഹാരം നൽകാതെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ പ്രദേശത്ത് പ്രതിഷേധമുയർന്നിരുന്നു. വിഷയത്തിൽ അൻപതിലേറെ പേർ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും നേടി. എന്നാൽ, കഴിഞ്ഞദിവസവും സ്ഥലമുടമകളുടെ അനുമതി ഇല്ലാതെ ഒരു സംഘം മതിലുകൾ പൊളിച്ചിരുന്നു. ഇതിനെതിരേ കേണൽ പത്മനാഭൻ നൽകിയ പരാതിയിൽ നൂറോളം പേർക്കെതിരരേ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് നാലുപേരെ പൊലീസ് അറസ്റ്റുചെയ്തത്.

കോടതി ഉത്തരവ് ലംഘിച്ച് സ്ഥലം കൈയേറിയത് ചോദ്യംചെയ്ത അഭിഭാഷകന്റെ വീടിനുനേരേയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഹൈക്കോടതി അഭിഭാഷകൻ മുതിയലം സ്വദേശി മുരളി പള്ളത്തിന്റെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിർത്തിയിട്ട കാറും രണ്ട് ഇരുചക്രവാഹനങ്ങളും തകർത്തു. സംഭവത്തിൽ ആറുപേർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു.

Leave a Reply