ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി സംബന്ധിച്ച അവ്യക്തത തുടരുന്നു

0

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി സംബന്ധിച്ച അവ്യക്തത തുടരുന്നു. ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീം യാത്ര ചെയ്യില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനുമായ ജയ് ഷാ ആവർത്തിച്ചതോടെയാണ് വേദിയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നത്.

ബഹറിനിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മീറ്റിംഗിലും വേദി സംബന്ധിച്ച് ധാരണയിലെത്താനായില്ല എന്നാണ് ഇഎസ്‌പിഎൻ ക്രിക്ഇൻഫോയുടെ റിപ്പോർട്ട്. വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനം മാർച്ചിലുണ്ടായേക്കും എന്നും ഇഎസ്‌പിഎന്നിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം പാക്കിസ്ഥാനിൽ നിന്ന് മത്സരം യുഎഇയിലേക്ക് മാറ്റും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.

ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു പോകേണ്ടതില്ലെന്നാണു ബിസിസിഐയുടെ നിലപാട്. എസിസി യോഗത്തിൽ ജയ് ഷായും ഇതേ നിലപാട് ആവർത്തിച്ചു. ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂർണമായോ, ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. യുഎഇയിൽ ഏഷ്യാ കപ്പ് നടത്താനും സാധ്യതയുണ്ട്.

ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്നും ടൂർണമെന്റ് നിഷ്പക്ഷ വേദിയിൽ നടക്കുമെന്നും ജയ് ഷാ വ്യക്തമാക്കിയതോടെ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് ആശയക്കുഴപ്പം തുടങ്ങിയത്. ഇന്ത്യ പാക്കിസ്ഥാനിലേക്ക് എത്തിയില്ലെങ്കിൽ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പിന്നാലെ പാക് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തുകയും ചെയ്തു.

എന്നാൽ നാളിതുവരെ ഇരു ബോർഡുകളും തമ്മിലുള്ള മഞ്ഞുരുകിയില്ല. രാജ്യത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനം എന്നാണ് ഇരു ബോർഡുകളും കൈക്കൊണ്ടിരിക്കുന്ന നിലപാട്. ബഹറിനിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മീറ്റിംഗിനിടെ ജയ് ഷായും പിസിബി പ്രസിഡന്റ് നജാം സേഥിയും കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനങ്ങളൊന്നുമായില്ല.

ഏഷ്യാ കപ്പിനുള്ള പുതിയ വേദി ഏതെന്ന് മാർച്ചിൽ പ്രഖ്യാപിച്ചേക്കും. 2008ന് ശേഷം പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പരമ്പരയ്ക്കായി പോയിട്ടില്ല. അതേസമയം ഏഷ്യാ കപ്പ് നഷ്ടമായാൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന ഭീഷണിയും പാക്കിസ്ഥാൻ ഉയർത്തുന്നുണ്ട്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ എസിസി പ്രസിഡന്റു കൂടിയായ ജയ് ഷായും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേഥിയും തമ്മിൽ തർക്കമുണ്ടായതായി ഇൻസൈഡ് സ്‌പോർട് റിപ്പോർട്ട് ചെയ്തു.

ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കു വരില്ലെന്ന് നജാം സേഥി ഭീഷണി മുഴക്കിയപ്പോൾ, ഐസിസി, എസിസി കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു ജയ് ഷായുടെ മറുപടി. മാർച്ചിൽ നടക്കുന്ന എക്‌സിക്യൂട്ടിവ് ബോർഡ് യോഗത്തിലായിരിക്കും ഏഷ്യാകപ്പ് വേദിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക.

2009ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബസിന് നേരെ ലാഹോറിൽ ആക്രമണം നടന്ന ശേഷം രാജ്യാന്തര ടീമുകളൊന്നും പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നില്ല. വിദേശ ടീമുകൾ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി തുടങ്ങിയിട്ട് മൂന്ന് വർഷമായിട്ടേയുള്ളൂ. സമീപകാലത്ത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ പാക്കിസ്ഥാനിലെത്തി പരമ്പര കളിച്ചിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പരമ്പര നടന്നിട്ട് വർഷങ്ങളേറെയായി. ഇരു രാജ്യങ്ങളും തമ്മിൽ 2013ന് ശേഷം പരമ്പരകൾ നടന്നിട്ടില്ല. 2016 ട്വന്റി 20 ലോകകപ്പിലാണ് പാക്കിസ്ഥാൻ അവസാനമായി ഇന്ത്യയിൽ കളിച്ചത്.

വേദി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുമ്പോഴും ഏഷ്യാ കപ്പ് 2023 ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടമുണ്ട്. ഇരു ടീമുകളും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണിത്. മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് ടൂർണമെന്റിലുണ്ടാവുക. ഇന്ത്യക്കും പാക്കിസ്ഥാനും പുറമെ ശ്രീലങ്കയും ഒന്നാം ഗ്രൂപ്പിലാണ്. രണ്ടാം ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് വിജയിക്കുന്ന ടീം കൂടി ഇടംപിടിക്കും. ഏകദിന ലോകകപ്പിന് മുന്നോടിയായി 50 ഓവർ ഫോർമാറ്റിൽ നടക്കുന്ന മത്സരങ്ങൾ സെപ്റ്റംബറിലാണ് അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here