എം.ശിവശങ്കർ പടിയിറങ്ങി

0

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ശരവർഷത്തിൽ മങ്ങിയ സിവിൽ സർവീസ് ജീവിതത്തിന് വിരാമമിട്ട്
കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ പടിയിറങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ യാത്രയയപ്പു ചടങ്ങിന്റെ പതിവു ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു വിരമിച്ചത്. തന്റെ പിൻഗാമിയായ പ്രണവ് ജ്യോതികുമാറിന് അദ്ദേഹം ചുമതലകൾ കൈമാറി. അവസാന പ്രവർത്തി ദിനമായ ചൊവ്വാഴ്ച ഉച്ചയ്ക്കാണു ശിവശങ്കർ സെക്രട്ടേറിയറ്റ് അനക്‌സിലെ ഓഫീസിൽ എത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം തീർപ്പാക്കേണ്ട ചില ഫയലുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു.വകുപ്പിലെ ഉദ്യോഗസ്ഥർ രണ്ടു ദിവസം മുമ്പു തന്നെ അദ്ദേഹത്തിനു സ്‌നേഹോപഹാരം നൽകിയിരുന്നു. എന്നാൽ ശിവശങ്കർ ഐഎഎസ് അസോസിയേഷന്റെ യാത്രയയപ്പ് ചടങ്ങ് നിരസിച്ചു.

1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ലൈഫ് കോഴക്കേസിലടക്കം ഇ.ഡി അദ്ദേഹത്തെ ചോദ്യംചെയ്യാനിരിക്കുകയാണ്. തനിക്കെതിരേ കേസുകളുണ്ടായപ്പോൾ ഐ.എ.എസ് അസോസിയേഷനിൽ നിന്ന് പിന്തുണ കിട്ടിയില്ലെന്നാണ് ശിവശങ്കറിന്റെ പരാതി. അഡി. ചീഫ്സെക്രട്ടറിയായ വി.വേണു മാത്രമാണ് ശിവശങ്കറിനെ പരസ്യമായി പിന്തുണച്ചത്.

ഒരു കാലത്ത് കേരളത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പടിയിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അമിതമായ അധികാരവും ജാഗ്രതയില്ലാത്ത ബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ടാം റാങ്ക്. എൻജിനീയറിംഗിലും മാനേജ്മെന്റിലും ഉന്നതവിജയം. മലപ്പുറം കളക്ടറായി മിന്നിയ ശിവശങ്കറിനെ തേടി ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി, മരാമത്ത് സെക്രട്ടറി പദവികളെത്തി. വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുണ്ടാക്കി പവർകട്ട് ഒഴിവാക്കി. ശിവശങ്കർ സ്‌പോർട്സ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ദേശീയ ഗെയിംസ് നടത്തിയത്.

മുഖ്യമന്ത്രിക്കു വേണ്ടി എല്ലാ പ്രധാന ഫയലുകളും പരിശോധിക്കുകയും ശുപാർശ നൽകുകയും ചെയ്തിരുന്നത് ശിവശങ്കറാണ്. കെ ഫോൺ, കോക്കോണിസ് തുടങ്ങിയ ഐ ടി വകുപ്പിന്റെ പദ്ധതികളിൽ ശിവശങ്കറിന്റെ തീർപ്പ് അന്തിമമായി. ഐ ടി, പൊലീസ് വകുപ്പുകളുടെ പർച്ചേസുകളിലും ഇടപെട്ടു. പാലക്കാട് എൻ.എസ്.എസ് എൻജിനിയറിങ് കോളജിൽ ബിടെക്ക്. അവിടെ കോളജ് യൂണിയൻ ചെയർമാൻ. ഗുജറാത്തിലെ ‘ഇർമ’യിൽ നിന്ന് റൂറൽ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ. കുറെക്കാലം റിസർവ് ബാങ്കിൽ ഓഫീസർ. പിന്നീട് റവന്യൂ വകുപ്പിൽ ഡപ്യൂട്ടി കളക്ടർ. ആ പദവിയിൽ ഇരിക്കെ 1995ൽ കൺഫേഡ് ഐ. എ.എസ് ലഭിച്ചു. 2000 മാർച്ച് ഒന്നിന് ഐ.എ.എസിൽ സ്ഥിരപ്പെടുത്തി.

യു.എ.ഇ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരിക്കെ സ്വപ്നാസുരേഷിനെ പരിചയപ്പെട്ടതാണ് ശിവശങ്കറിന്റെ ജീവിതം മാറ്റിമറിച്ചത്. കോൺസുലേറ്റുമായുള്ള ഔദ്യോഗിക ഇടപാടുകൾക്ക് സർക്കാർ ചുമതലപ്പെടുത്തിയ ശിവശങ്കർ പിന്നീട് സ്വപ്നയുടെ അടുപ്പക്കാരനായി മാറി. അവരുടെ കുടുംബപ്രശ്നങ്ങളിൽ പോലും ഇടപെടുകയും കള്ളപ്പണ ഇടപാടിലടക്കം കുടുങ്ങുകയും ചെയ്തു. പതിവായുള്ള ഔദ്യോഗിക ബന്ധം സ്വപ്നയും കുടുംബവുമായും സൗഹൃദത്തിനിടയാക്കി. പരസ്പരം ജന്മദിന ആശംസകളും സമ്മാനങ്ങളും കൈമാറുകയും ചെയ്തതായി ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

പാഴ്സൽ പിടികൂടിയ ശേഷമാണ് സ്വപ്നയും സുഹൃത്തുക്കളും സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കോൺസുലേറ്റ് ഓഫിസ് ദുരുപയോഗിച്ചുവെന്നും ആരോപണമുയർന്നത്. പിന്നീട് സ്വപ്നയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വർണക്കടത്ത് പ്രതികൾക്കായി സെക്രട്ടേറിയറ്റിന്‌ സമീപം ഫ്ളാറ്റ് എടുക്കാൻ സഹായിച്ചതും സ്വപ്നയ്ക്കായി ലോക്കർ തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സ്വപ്നയ്ക്കു സ്‌പേസ് പാർക്കിൽ ജോലി തരപ്പെടുത്താൻ ഇടപെട്ടതും ലൈഫ് മിഷൻ ഇടപാടിൽ സ്വപ്നയ്ക്കു കമ്മിഷൻ കിട്ടിയതുമൊക്കെ ശിവശങ്കറിനെ സംശയമുനയിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here