ന്യൂസിലൻഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ നാളെ ഇറങ്ങുകയാണ്

0

ന്യൂസിലൻഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാൻ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ നാളെ ഇറങ്ങുകയാണ്. റാഞ്ചിയിലെ ആദ്യ ട്വന്റി 20യിൽ ന്യൂസിലൻഡ് 21 റൺസിന് വിജയിച്ചപ്പോൾ ലഖ്നൗവിലെ രണ്ടാം മത്സരത്തിൽ ആറ് വിക്കറ്റിന്റെ ജയവുമായി ടീം ഇന്ത്യ 1-1ന് സമനില പിടിച്ചതോടെ അഹമ്മദാബാദ് ട്വന്റി 20 ഫൈനലോളം ആവേശമുള്ള മത്സരമായിരിക്കുകയാണ്. പരമ്പരയിലെ കലാശപ്പോരാട്ടത്തിന് മുമ്പ് ഇരു ടീമുകളും തമ്മിലുള്ള കണക്കുകൾ ഒന്ന് പരിശോധിക്കാം.

ടീം ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഇതുവരെ 26 രാജ്യാന്തര ടി20കളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇന്ത്യ 13 ഉം കിവികൾ 10 ഉം മത്സരങ്ങൾ വീതം ജയിച്ചപ്പോൾ ഒരു മത്സരത്തിൽ ഫലം സമനിലയായി. രണ്ട് മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. നിലവിൽ ടീമിലുള്ള സൂര്യകുമാർ യാദവിന്റെ പേരിലാണ് ഇന്ത്യ-ന്യൂസിലൻഡ് ടി20കളിലെ ഉയർന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോർഡ്. പുറത്താവാതെ 111* റൺസാണ് സ്‌കൈയുടെ പേരിലുള്ളത്. ഇരു ടീമുകളിലും റൺവേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിലുള്ള താരങ്ങളാരും നിലവിൽ സ്‌ക്വാഡുകളിലില്ല എന്ന പ്രത്യേകതയുണ്ട്.

അഹമ്മദാബാദിൽ നാളെ വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ട്വന്റി 20 ആരംഭിക്കുക. മത്സരത്തിന് മഴ ഭീഷണിയില്ല. 15 മുതൽ 31 ഡിഗ്രി സെൽഷ്യൽ വരെയായിരിക്കും അഹമ്മദാബാദിലെ താപനില. സ്റ്റാർ സ്‌പോർട്‌സിലൂടെയും ഡിസ്‌നി+ഹോട്സ്റ്റാറിലൂടേയും ഇന്ത്യയിൽ മത്സരം തൽസമയം കാണാം.

അതേസമയം ന്യൂസിലൻഡിൽ സ്‌കൈ സ്പോർട്സ് ന്യൂസിലൻഡാണ് മത്സരത്തിന്റെ സംപ്രേഷകർ. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും തിളങ്ങാത്തതിനാൽ ഇന്ത്യൻ ടീമിൽ മാറ്റമുറപ്പാണ്. പിച്ചിന്റെ സ്വഭാവം വിലയിരുത്തിയാവും പേസർ ഉംറാൻ മാലിക്കിനെ കളിപ്പിക്കുന്ന കാര്യത്തിൽ ടീം മാനേജ്മെന്റ് തീരുമാനം കൈക്കൊള്ളുക.

LEAVE A REPLY

Please enter your comment!
Please enter your name here