വൈഷ്‌ണോ ദേവീ തീര്‍ഥാടകര്‍ക്കെതിരായ ആക്രമണമടക്കം നിരവധി സ്‌ഫോടനങ്ങളില്‍ പങ്കാളിയായ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍

0

വൈഷ്‌ണോ ദേവീ തീര്‍ഥാടകര്‍ക്കെതിരായ ആക്രമണമടക്കം നിരവധി സ്‌ഫോടനങ്ങളില്‍ പങ്കാളിയായ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍. റിയാസി ജില്ലയിലെ താമസക്കാരനായ ആരിഫ്‌ എന്നയാളാണ്‌ പിടിയിലായത്‌. മുന്‍പ്‌ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായിരുന്ന ഇയാള്‍ പിന്നീട്‌ ഭീകരവാദത്തില്‍ ആകൃഷ്‌ടനാവുകയായിരുന്നു. പാകിസ്‌താനില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ചാണ്‌ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്‌.
ജമ്മുവിലെ നര്‍വാളില്‍ ജനുവരി 21-നുണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തിനിടെയാണ്‌ ആരിഫ്‌ പിടിയിലായത്‌. ഐ.ഇ.ഡി. സ്‌ഥാപിച്ച പെര്‍ഫ്യൂം ബോട്ടിലും ആരിഫില്‍നിന്ന്‌ പിടിച്ചെടുത്തതായി പോലീസ്‌ അറിയിച്ചു. ഇത്തരത്തില്‍, പെര്‍ഫ്യൂം ബോട്ടിലിനുള്ളില്‍ ഐ.ഇ.ഡി. സ്‌ഥാപിച്ച നിലയില്‍ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌. പെര്‍ഫ്യൂം പുറത്തേക്കു വരാനുള്ള ഭാഗത്ത്‌ വിരലമര്‍ത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ്‌ ഇത്‌ സജ്‌ജീകരിച്ചിരിക്കുന്നത്‌. ഡ്രോണ്‍ വഴിയാണ്‌ ആരിഫിന്‌ പെര്‍ഫ്യൂം ബോംബ്‌ ലഭിച്ചതെന്നാണ്‌ കരുതുന്നത്‌.
നിലവില്‍ പാകിസ്‌താനിലുള്ള റിയസി സ്വദേശി ക്വാസിം, ബന്ധുവായ ഖമര്‍ദിന്‍ എന്നിവരുടെ നിര്‍ദേശാനുസരണമാണ്‌ ആരിഫ്‌ പ്രവര്‍ത്തിച്ചിരുന്നത്‌.
കഴിഞ്ഞ മേയിലാണ്‌ െവെഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക്‌ തീര്‍ഥാടകരുമായി പോയ ബസിനു നേര്‍ക്ക്‌ ഭീകരാക്രമണമുണ്ടായത്‌. ഇതില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.ഈ സ്‌ഫോടനത്തില്‍ തനിക്ക്‌ പങ്കുണ്ടെന്ന്‌ ആരിഫ്‌ സമ്മതിച്ചിട്ടുണ്ടെന്നു ജമ്മുകശ്‌മീരര്‍ ഡി.ജി.പി: ദില്‍ബാഗ്‌ സിങ്‌ പറഞ്ഞു.
2022 ഫെബ്രുവരിയില്‍ ജമ്മുവിലെ ശാസ്‌ത്രിനഗര്‍ മേഖലയില്‍ നടന്ന ഐ.ഇ.ഡി. സ്‌ഫോടനത്തിലും തനിക്ക്‌ പങ്കുണ്ടെന്ന്‌ ആരിഫ്‌ സമ്മതിച്ചിട്ടുണ്ട്‌. അന്ന്‌ ഒന്‍പതുപേര്‍ക്ക്‌ പരുക്കേറ്റിരുന്നു. സ്‌ഫോടനങ്ങളില്‍ ഉപയോഗിച്ച ഐ.ഇ.ഡികള്‍ അതിര്‍ത്തിയ്‌ക്കപ്പുറത്തുനിന്ന്‌ എത്തിയതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ്‌ അറിയിച്ചു

Leave a Reply